തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ആശങ്ക തുടരുന്ന സാഹചര്യത്തിൽ തത്കാലം പൊതു ആരാധന വേണ്ടെന്ന തീരുമാനത്തിലേക്ക് കൂടുതൽ ജമാഅത്തുകൾ. പാളയം പള്ളിക്ക് പിന്നാലെ വട്ടിയൂർക്കാവ് പളളിയും തത്കാലം തുറക്കുന്നില്ലെന്ന് തിരുമാനിച്ചു. ഇന്ന് ചേർന്ന ജമാഅത്ത് പരിപാലന സമിതിയാണ് തീരുമാനം എടുത്തത്.

മസ്ജിദിൽ ആരാധനയ്ക്ക് എത്തുന്നവർക്ക് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടുള്ള സൗകര്യം ഒരുക്കാൻ പ്രയാസമാണെന്നും എല്ലാവരും സഹകരിക്കണമെന്നും ജമാഅത്ത് പരിപാലന സമിതി ആവശ്യപ്പെട്ടു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടാണ് കൂടുതല്‍ പള്ളികളും എടുത്തിരിക്കുന്നത്.

രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയിലെ പള്ളികള്‍ തുറക്കേണ്ടെന്ന് സംയുക്ത മഹല്ല് കമ്മിറ്റി തീരുമാനിച്ചിരുന്നു. എരുമേലി മഹല് മുസ്ലീം ജമാഅത്തിന്‍റെ കീഴിലുള്ള പള്ളികളും തുറക്കില്ല. കോഴിക്കോട് മൊയ്തീന്‍ പള്ളിയും ,നടക്കാവ് പള്ളിയും സമാന നിലപാട് പ്രഖ്യാപിച്ചു. കണ്ണൂരില്‍ സുന്നി സംഘടനകളുടെ ആസ്ഥാനമായ അബ്റാര്‍ മസിജിദും തത്ക്കാലം തുറക്കില്ല. പുനലൂർ ആലഞ്ചേരി മുസ്‍ലീം ജമാഅത്തിന്‍റെ നിയന്ത്രണത്തിലുള്ള പള്ളികളും തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തുറക്കില്ല. 

അതേസമയം, പള്ളികൾ തുറക്കുന്നത് പ്രദേശത്തിന്‍റെ സ്ഥിതി വിലയിരുത്തിയാകണമെന്ന് ദക്ഷിണ കേരള ജംഇയത്തുല്‍ ഉലമ അറിയിച്ചു. മഹല്ല് ഭാരവാഹികളും ഇമാമുമാരും കൂടിയാലോചിച്ച് വിശ്വാസികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ജ. സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി അറിയിച്ചിരുന്നു. 

ലോക്ക്ഡൗണ്‍ ഇളവുകളുടെ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കുക. പത്ത് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രവേശനമില്ല. ഗുരുവായൂരില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ ഒരു ദിവസം 600 പേര്‍ക്ക് മാത്രം ദര്‍ശനം അനുവദിക്കും. വലിയമ്പലം വരെ മാത്രമാണ് പ്രവേശനം. എന്നാല്‍ പ്രസാദവും നിവേദ്യവും നല്‍കില്ല. ഒരു ദിവസം 60 വിവാഹങ്ങള്‍ വരെ നടത്താം. 50 പേരില്‍ കൂടുതല്‍ ഒരു കല്ല്യാണത്തിന് പാടില്ല.