തിരുവനന്തപുരം: സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധനത്തിലേക്ക് നീങ്ങാനൊരുങ്ങുകയാണ് കേരളം. ഇതിന്റെ ഭാഗമായി  വട്ടിയൂർക്കാവ് എംഎൽഎ വി. കെ. പ്രശാന്ത്  തന്റെ മണ്ഡലത്തിലെ ഓരോ കടകളിലും കയറിയിറങ്ങി ബോധവത്കരണം നടത്തുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ, പ്രകൃതി സൗഹാ​ർദ്ദ വസ്തുക്കൾ ഉപയോ​ഗിക്കൂ, ഒറ്റത്തവണ ഉപയോ​ഗത്തിനുള്ള പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം തുടങ്ങി പ്ലാസ്റ്റിക് ഉപയോ​ഗത്തിനെതിരെയുള്ള വാചകങ്ങളെഴുതിയ പ്ലാക്കാർഡുകളും കയ്യിലേന്തിയ അം​ഗങ്ങളും കൂടെയുണ്ട്. 

പ്ലാസ്റ്റിക് നിരോധനത്തിന്റെ പ്രാധാന്യം കടയുടമകളെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറയുന്നു. കടകളില്‍ നിന്നും പ്ലാസ്റ്റിക് കവറുകളില്‍ സാധനം വാങ്ങുന്നവര്‍ക്കും പൊതുനിരത്തുകളില്‍ കവറില്‍ സാധനങ്ങളുമായി നില്‍ക്കുന്നവര്‍ക്കും കടയുടമകള്‍ക്കും എംഎല്‍എ തുണി സഞ്ചികള്‍ വിതരണം ചെയ്തു. എംഎല്‍എയ്‌ക്കൊപ്പം നിരവധി ആളുകളും ബോധവത്കരണത്തില്‍ പങ്കുചേര്‍ന്നു. ചില കടയുടമകള്‍ അവരുടെ ആശങ്കകളും എംഎല്‍എയോട് പങ്കുവെച്ചു. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ എംഎല്‍എയുടെ ഈ പ്രവര്‍ത്തനത്തെ ഏറ്റെടുത്തിരിക്കുകയാണ്. ഞങ്ങളൊപ്പമുണ്ട് എല്ലാ ശരിയാകുമെന്നാണ് ഭുരിപക്ഷം പേരുടെയും പ്രതികരണങ്ങൾ.