ആലപ്പുഴ: പെട്ടിഓട്ടോയില്‍ ലോറിയിടിച്ച്‌ പച്ചക്കറി കച്ചവടക്കാരൻ മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാര്‍ഡ് തായ്പള്ളിയില്‍ മുഹമ്മദ് കുഞ്ഞ്(59) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെ പുന്നപ്ര പോളിടെക്‌നിക് ഹോസ്റ്റലിന് മുന്നിലായിരുന്നു അപകടം.

പുന്നപ്ര മാര്‍ക്കറ്റിലെ പച്ചക്കറി കച്ചവടക്കാരനായ മുഹമ്മദ് കുഞ്ഞ് സാധനങ്ങള്‍ എടുക്കാനായി ഓട്ടോയില്‍ ആലപ്പുഴ മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞിനെ ലോറിയില്‍ ഉണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.