ഇടുക്കി: സൗജന്യ പാര്‍ക്കിംഗ് അനുവദിച്ചിട്ടും റോഡില്‍ തന്നെ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഗതാഗത കുരുക്കിന് കാരണമാകുന്നു. മാട്ടുപ്പെട്ടി റോഡിലെ അനധികൃത വാഹന പാര്‍ക്കിംഗ് ഒഴിവാക്കുന്നതിനായാണ് വനംവകുപ്പിന്‍റെ ഫ്‌ളവര്‍ ഗാര്‍ഡന് സമീപത്ത് സൗജന്യ പാര്‍ക്കിംഗ് ഒരുക്കിയത്.

എന്നാല്‍  വാഹനങ്ങള്‍ വീണ്ടും റോഡില്‍ തന്നെ നിർത്തിയിടുകയാണ്. ഇതുമൂലം  റോഡില്‍ വന്‍ ഗതാഗത കുരുക്കാണ് ഉണ്ടാകുന്നത്. അവധിക്കാലം ആഘോഷിക്കുനന്നതിന് ആയിരക്കണക്കിന് സന്ദര്‍ശകരാണ് മൂന്നാറിലെത്തുന്നത്. ഇവര്‍ ആദ്യം സന്ദര്‍ശനത്തിന് പോകുന്നത് മാട്ടുപ്പെട്ടിയിലും. മാട്ടുപ്പെട്ടിയില്‍ നിന്നും  മൂന്നാറിലേക്ക് മടങ്ങുന്നവര്‍ പലപ്പോഴും മണിക്കൂറുകളാണ് ഗതാഗത കുരുക്കില്‍ അകപ്പെടുന്നത്.

ഇതോടെ രാജമലയടക്കമുള്ള ഭാഗങ്ങള്‍ സന്ദര്‍ശിക്കാതെ പലരും നാട്ടിലേക്ക് മടങ്ങുകയാണ്. 500 ലധികം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യമാണ് ഫ്‌ളവര്‍ ഗാര്‍ഡന് സമീപത്തെ പാര്‍ക്കിംഗ് ഗ്രൗണ്ടിലുള്ളത്. രണ്ട് ശുചിമുറികളടക്കം ഇവിടെ നിര്‍മ്മിച്ചിട്ടുമുണ്ട്. എന്നാല്‍ വഴിയോരങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തിക്കാന്‍ പോലീസും വനംവകുപ്പും നടപടികള്‍ സ്വീകരിക്കുന്നില്ല.

വനപാലകര്‍ അനധികൃതമായി വാഹനം  പാർക്ക് ചെയ്യുന്നവരെ ഒഴിവാക്കണമെന്നാണ് പൊലീസ്  പറയുന്നത്. എന്നാല്‍ വനപാലകര്‍ പറയുന്നത് കേള്‍ക്കാന്‍പോലും ഡ്രൈവര്‍മാര്‍ തയ്യറാകുന്നില്ലെന്ന് ഇവരുടെ വാദം. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് മാട്ടുപ്പെട്ടി റോഡ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്.