വെള്ളിമാട്കുന്ന് ജെഡിടിയിലെ വിദ്യാർഥി കൾ തമ്മിൽ കൂട്ടത്തല്ല്, മുപ്പതോളം പേർക്കെതിരെ കേസ്
കോഴിക്കോട്: വെള്ളിമാടുകുന്ന് ജെ.ഡി.ടി കോളേജിന് മുൻപിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം. ദേശീയപാതയിലെ ഗതാഗതം തടസ്സപ്പെട്ടു. മുപ്പതോളം പേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ അവധിക്കാലത്ത് നിലച്ച കൂട്ടത്തല്ലാണ് തിങ്കളാഴ്ച പുനരാരംഭിച്ചതെന്നാണ് പറയുന്നത്. വിദ്യാർഥികൾ ചേരിതിരിഞ്ഞ് കോളേജ് പരിസരത്ത് നിന്നാണ് അടി തുടങ്ങിയത്. ഒടുവിൽ കൂട്ടംകൂടി വിദ്യാർഥികളെ പരസ്പരം മർദിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തി.
കൂട്ടമായി ദേശീയപാതയിൽ വിദ്യാർത്ഥികൾ പരന്നോടിയതോടെ ചെറിയ കുട്ടികൾ ഉൾപ്പെടെ തിക്കിലും തിരക്കിലുംപെട്ടു ഉഴറി. ഇതിനിടെ ചില കുട്ടികൾക്ക് വീണ് പരിക്കേൽക്കുകയും ചെയ്തു. റോഡിലൂടെ കൂട്ടമായി ഓടിയ വിദ്യാർഥികൾ ചേരി തിരിഞ്ഞ് നിൽക്കുകയായിരുന്നു. തുടർന്ന് ചേവായൂർ സ്റ്റേഷനിലെ എസ് ഐമാരായ നിമിൻ, നിഥിൻ എന്നിവരുടെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തിയേതോടെ വിദ്യാർഥികൾ ചിതറിയോടി.
വീടുകളിലേക്കും ഇടവഴികളിലേക്കും കെട്ടിടങ്ങൾക്കും ഓടിയവരെ പൊലീസ് പിന്തുടർന്ന് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ണ്ടാലറിയാവുന്ന മുപ്പതോളം പേർക്കെതി രെ ചേവായൂർ പൊലീസ് കേസെടുത്തു. ജെ ഡി ടി കോളേജിൽ ചില വിദ്യാർഥികൾ ബോധപൂർവം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും ഇവർക്കു പുറത്തുനിന്നുള്ള ലഹരിസംഘങ്ങളുടെ പിന്തുണ ലഭിക്കുന്നതായി വിവരമുണ്ടെന്നും പൊലീസ് പറഞ്ഞു. അക്രമം നടത്തുന്ന വിദ്യാർഥികൾക്കെതിരെ കർശനമായ നടപടിയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
Read more: ടോറസ് വണ്ടിയിൽ അമിത ഭാരം കയറ്റി മെറ്റൽ, കാശ് വീഴണം കീശയിൽ, ആലപ്പുഴയിൽ എഎംവിഐ കുടുങ്ങിയത് ഇങ്ങനെ..
അടുത്തിടെ, സീർകാഴിയിൽ നിന്ന് മറ്റൊരു തല്ല് കേസ് റിപ്പോർട്ട് ചെയ്തിരുന്നു. പായസത്തിന് രുചി പോരെന്ന പേരിലായിരുന്നു ഇവിടത്തെ തമ്മിലടി. മയിലാടുതുറൈ സീർകാഴി സൗത്ത് രഥ റോഡിലെ കല്യാണമണ്ഡപത്തിലാണ് പായസത്തിന്‍റെ പേരിൽ തമ്മിലടി നടന്നത്. വിവാഹനിശ്ചയച്ചടങ്ങ് വേദിയിലായിരുന്നു കൂട്ടത്തല്ല് നടന്നത്.
സദ്യക്കിടെ പായസം എത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ചോറുകഴിച്ച് തീരുന്നതിന് മുമ്പ് പായസം വിളമ്പിയതിന്‍റെ പേരില്‍ ചിലർ എതിരഭിപ്രായം പറഞ്ഞു. തുടർന്നുള്ള തർക്കത്തിൽ പായസത്തിന് രുചി പോരെന്ന് വരന്‍റെ ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഇതോടെ ഇരുഭാഗത്തും അതിഥികൾ ചേർന്ന് തർക്കം വഷളായി. ഇതിനിടെ വരന്‍റെ ഒപ്പമെത്തിയവരിൽ ചിലർ വധുവിന്‍റെ വീട്ടുകാർക്ക് നേരെ പായസം വലിച്ചെറിഞ്ഞു. അതോടെ സംഭവം കൂട്ടത്തല്ലായി മാറുകയായിരുന്നു.
