സമന്വയനഗർ മുതൽ പാകിസ്ഥാൻമുക്ക് വരയുള്ള ഭാഗങ്ങളിലെ ഇലട്രിക്ക് ലൈനുകൾ ഉയർത്തി കെട്ടാൻ കെഎസ്ഇബിയെയും ചുമതലപ്പെടുത്തി

തിരുവനന്തപുരം: കിലോ മീറ്ററുകളോളം നീളുന്ന വെഞ്ഞാറമ്മൂട് ജങ്ഷനിലെ ഗതാഗതക്കുരുക്കിൽ ഇനി അധിക കാലം വീർപ്പുമുട്ടേണ്ടി വരില്ല. നിർമാണോദ്ഘാടനം കഴിഞ്ഞ വെഞ്ഞാറമൂട് മേൽപാലത്തിന്‍റെ പണി അടുത്തയാഴ്ച മുതൽ ആരംഭിക്കാൻ തീരുമാനമായി. പ്രാഥമിക പ്രവർത്തനങ്ങൾ വെള്ളിയാഴ്ച മുതൽ ആരംഭിക്കും. ഇതിന്‍റെ ഭാഗമായി ഗതാഗതം വഴിതിരിച്ചുവിടാൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

 ആദ്യഘട്ടമായി ഇലട്രിക്കൽ കേബിൾ വർക്കുകള്‍ തുടങ്ങുന്നതെന്നതിനാൽ മേൽപ്പാലം വരുന്ന പ്രദേശത്തെ ഗതാഗതം വഴി തിരിച്ചു വിടും. തിരുവനന്തപുരം ഭാഗത്തു നിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ഉൾപ്പെടെയുള്ള വാഹനങ്ങൾ തൈക്കാട് സമന്വയനഗർ വഴി പാകിസ്ഥാൻ മുക്കിൽ വന്ന് വെഞ്ഞാറമൂട് ജങ്ഷൻ വഴി കൊട്ടാരക്കര ഭാഗത്തേക്ക് പോകണം. കെഎസ്ആർടിസി ബസുകൾ സ്റ്റാന്‍റിലേക്ക് പ്രവേശിക്കാതിരിക്കാൻ പാകിസ്ഥാൻ മുക്കിൽ കെഎസ്ആർടിസി ഔട്ട് പോസ്റ്റ് സ്ഥാപിക്കും.

സമന്വയനഗർ ഭഗത് വാഹനങ്ങൾ സുഗമമായി പോകുന്നതിലേക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെഎസ്ടിപിക്ക് നിർദ്ദേശം നൽകി. സമന്വയനഗർ മുതൽ പാകിസ്ഥാൻമുക്ക് വരയുള്ള ഭാഗങ്ങളിലെ ഇലട്രിക്ക് ലൈനുകൾ ഉയർത്തി കെട്ടാൻ കെഎസ്ഇബിയെയും ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ ആറ്റിങ്ങൽ നെടുമങ്ങാട് റോഡിൽ ഗതാഗത നിയന്ത്രണമില്ല. 

കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഔട്ടർ റിങ് റോഡ് വഴി പോകേണ്ടതാണ് (അമ്പലമുക്ക് –പാലാംകോണം റോഡ്). കൊട്ടാരക്കര ഭാഗത്തുനിന്നും ഗോകുലം മെഡിക്കൽ കോളേജിലേക്ക് പോകുന്ന വാഹനങ്ങൾ അമ്പലമുക്ക് വഴി ഗോകുലം മെഡിക്കൽ കോളേജിൽ പോകേണ്ടതാണ്. 

ഇന്നർ റിങ് റോഡ് വർക്ക് പൂർത്തിയാകുന്ന മുറയ്ക്ക് കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ ഇന്നർ റിങ് റോഡ് വഴി (വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷൻ ഭാഗത്തുനിന്നും ഇടത്തോട്ട് ചന്ത വഴി ) കെഎസ്ആർടിസി സ്റ്റാന്‍റിൽ പ്രവേശിക്കുകയും തിരിച്ച് ഔട്ടർ റിങ് റോഡ് വഴി (പാലാംകോണം വഴി) തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ടതാണ്. അമ്പലമുക്ക് ജങ്ഷനിൽ നിന്നും റിങ് റോഡിലേക്ക് പ്രേവശിക്കുന്ന ഭാഗത് വാഹനങ്ങൾ സുഗമമായി കയറുന്നതിനും ഇറങ്ങുന്നതിനു ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കെഎസ്ടിപിയ്ക്ക് യോഗം നിർദേശം നൽകി.