ഇടുക്കി: റവന്യൂ വകുപ്പിന്‍റെ സ്റ്റോപ് മെമ്മോ അവഗണിച്ച് ഇടുക്കി പൊന്മുടി നാടുകാണിയില്‍ കപ്പേള  നിര്‍മ്മിച്ച് അനധികൃത കയ്യേറ്റം. പാഞ്ചാലിമേടില്‍ സ്ഥാപിച്ചതിന് സമാനമായാണ് പൊന്മുടി നാടുകാണിയിലും അഞ്ച് സെന്‍റോളം ഭൂമി കയ്യേറി കപ്പേള നിര്‍മ്മിച്ചത്. 

ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍  മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടുള്ള കയ്യേറ്റങ്ങള്‍ വ്യാപകമാവുന്നുവെന്നാണ് ആരോപണം. മതചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള ഇത്തരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും കയ്യേറ്റങ്ങളും നടത്തുവാന്‍ പാടില്ലെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍മ്മാണങ്ങള്‍ നടക്കുന്നത്. 

കൊന്നത്തടി പഞ്ചായത്തിലെ പൊന്മുടി നാടുകാണി വിനോദ സഞ്ചാര കേന്ദ്രത്തിലാണ് പഞ്ചായത്തിന്റെ അനുമതി കൂടാതെ കപ്പേള പണിയുന്നത്. മുമ്പ് ഇവിടേയ്ക്ക് ക്രൈസ്തവര്‍ ദു:ഖവെള്ളിയാഴ്ച മലകയറ്റം നടത്തിയിരുന്നതിനാല്‍ ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നു. 

വിനോദ സഞ്ചാര കേന്ദ്രമായി മേഖല വികസിച്ചതോടെ റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന കുരിശ് മാറ്റി സ്ഥാപിക്കുന്നതിന് പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് ലഭിച്ചതോടെ കുരിശ് പൊളിച്ച് നീക്കി പകരം കപ്പേള നിര്‍മ്മാണം ആരംഭിക്കുകയായിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ റവന്യൂ വകുപ്പ് നിര്‍മ്മാണത്തിന് സ്റ്റോപ് മെമ്മോ നല്‍കി. എന്നാല്‍ സ്റ്റോപ് മെമ്മോ അവഗണിച്ചും  നിര്‍മ്മാണം തുടരുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

കപ്പേള നിര്‍മ്മാണത്തിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കപ്പേള പൊളിച്ച് നീക്കുന്നതിന് നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്കും നിയമ നടപടികള്‍ക്കും നേതൃത്വം നല്‍കുമെന്ന് വിഎച്ച്പി പ്രവര്‍ത്തകര്‍ വ്യക്തമാക്കി. അതേസമയം കപ്പേള നിര്‍മ്മാണത്തിനെതിരെ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.