പാലക്കാട്: ആശുപത്രിയിൽ തനിച്ചാക്കിപ്പോയെന്ന ആദിവാസി വിദ്യാർത്ഥിനിയുടെ പരാതിയിൽ കോളേജ് ഹോസ്റ്റൽ വാർഡനെ മാറ്റി. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിക്ടോറിയ കോളേജിലെ രണ്ടാംവര്‍ഷ ബി എ എക്ണോമിക്സ് വിദ്യാര്‍ഥിനിക്ക് വിളർച്ച ബാധിച്ചത്. 

അട്ടപ്പാടി സ്വദേശിയായ പെൺകുട്ടിയടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസുഖം അധികമായതിനാല്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് വിദ്യാര്‍ഥിയെ റഫർ ചെയ്തു. ഹോസ്റ്റല്‍ വാര്‍ഡനും, മറ്റൊരു അധ്യാപികയും, ഒരു വിദ്യാര്‍ഥിനിയുമാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലെത്തിയത്. രോഗിയോടൊപ്പം നില്‍‍ക്കാന്‍ തയ്യാറായ പെണ്‍കുട്ടിയെപോലും വാര്‍ഡന്‍ അതിന് അനുവദിച്ചില്ലെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. അവശയായ വിദ്യാര്‍ഥിനി സഹായത്തിന് ആരുമില്ലാതെ മണിക്കൂറുകളോളം മെഡിക്കല്‍ കോളജില്‍ ഒറ്റക്ക് കഴിയേണ്ടി വന്നു. 

അതേസമയം രാത്രി തന്നെ വൈസ് പ്രിന്‍സിപ്പാളും, അധ്യാപകരും, വിദ്യാര്‍ഥിനികളും ആശുപത്രിലെത്തിയെന്നാണ് കോളജിന്‍റെ വിശദീകരണം. ആരോപണ വിധേയനായ വാർഡനെ മാറ്റി പകരം ചുമതല മറ്റൊരധ്യാപകന് നൽകിയിട്ടുണ്ടെന്നും കോളേജ് അധികൃതർ അറിയിച്ചു. എന്നാൽ മനുഷ്യത്വരഹിതമയി പെരുമാറിയ വാർഡനെ പുറത്താക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.