നാല് മാസത്തെ കുടിശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെയാണ് വനത്തിനുള്ളില്‍ താമസിക്കുന്ന കുട്ടികള്‍ ഇരുട്ടിലായത്

ഇടുക്കി: ആദിവാസി കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള വിദ്യാവാഹിനി പദ്ധതി താളം തെറ്റിയതോടെ ഒരാഴ്ചയായി സ്കൂളില്‍ പോകാതെ ഊരിനുള്ളില്‍ കഴിയുകയാണ് അടിമാലി കുറത്തികുടിയിലെ 35 കുട്ടികള്‍. നാല് മാസത്തെ കുടിശിക കിട്ടാതെ വാഹനമോടിക്കില്ലെന്ന് കരാറുകാർ നിലപാടെടുത്തതോടെയാണ് വനത്തിനുള്ളില്‍ താമസിക്കുന്ന കുട്ടികള്‍ ഇരുട്ടിലായത്. പ്രശ്നം വേഗത്തിൽ പരിഹരിക്കുമെന്നാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്‍റെ വിശദീകരണം.

"എനിക്ക് സ്കൂളില്‍ പോയി വലിയൊരു മനുഷ്യനാകണമെന്നേ ആഗ്രഹമുള്ളൂ. പക്ഷെ വണ്ടിക്കാര്‍ക്ക് പൈസ കിട്ടാത്തതുകൊണ്ട് അവര്‍ ഞങ്ങളെ കൊണ്ടുപോകുന്നില്ല. ടീച്ചര്‍മാര് വിളിച്ചൊന്നും ചോദിച്ചില്ല. പരീക്ഷ നടക്കുകയാണ്"- അടിമാലി പഞ്ചായത്തിലെ കുറത്തികുടിയിലെ കുട്ടികളാണ്. പഠിക്കുന്നത് മാങ്കുളം സെന്റ് മേരീസ് സ്കൂളില്‍. കാട്ടിലൂടെ 8 കിലോമീറ്ററോളം സഞ്ചരിച്ചാലേ സ്കൂളിലെത്താനാകൂ. ഇതിന് ആശ്രയമായിരുന്നത് പട്ടിക വർഗ വകുപ്പിന്‍റെ വിദ്യാവാഹിനി പദ്ധതിയാണ്. പക്ഷെ ഇപ്പോള്‍ ഒരാഴ്ച്ചയായി വാഹനമില്ല. ഇതോടെ ദുഖത്തിലാണ് 34 കുട്ടികളും അവരുടെ മാതാപിതാക്കളും.

ഒന്നല്ല രണ്ടല്ല 30 ഇരട്ടകൾ ഒരു സ്കൂളിൽ; കുട്ടിക്കുറുമ്പരെ തിരിച്ചറിയാൻ ടീച്ചർമാരുടെ കയ്യിലൊരു ട്രിക്കുണ്ട്...

ഞങ്ങളുടെ കയ്യില്‍ പൈസയുണ്ടോ, എവിടെ നിന്ന് എടുത്തു കൊടുക്കാനാണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നു. പട്ടിക വര്‍ഗ വകുപ്പ് നാല് മാസത്തെ കുടിശിക നല്‍കാനുണ്ടെന്നാണ് കുട്ടികളെ കൊണ്ടുപോകാന്‍ കരാറെടുത്തവര്‍ പറയുന്നത്. കുടിശ്ശിക കിട്ടാതെ വണ്ടിയോടിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

ഓരോ മാസവും കൃത്യമായി കുട്ടികളുടെ റിപ്പോര്‍ട്ട് സ്കൂള്‍ പട്ടിക വർഗ്ഗ വകുപ്പിന് കൈമാറണം. കിട്ടിയാലുടന്‍ വാഹനങ്ങള്‍ക്ക് പണം പാസാക്കി കൊടുക്കണം. ഇതാണ് ചട്ടം. റിപ്പോര്‍ട്ട് കിട്ടാന്‍ വൈകിയെന്നും ഉടന്‍ പാസാക്കുമെന്നുമാണ് പട്ടിക വര്‍ഗ്ഗ വകുപ്പിന്‍റെ വിശദീകരണം.

YouTube video player