സ്വന്തം പുരയിടത്തില്‍ നിന്ന് ചെങ്കല്‍ വെട്ടുന്നതിന് രണ്ടത്താണി സ്വദേശി മുസ്തഫയില്‍ നിന്ന് 25000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് പിടികൂടിയത്.
മലപ്പുറം: മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റ് ചെയ്തു. എടരിക്കോട് വില്ലേജ് ഓഫീസിലെ ഫീൽഡ് അസിസ്റ്റന്‍റ് ചന്ദ്രനാണ് പിടിയിലായത്. രണ്ടത്താണി സ്വദേശി വീടിനോട് ചേര്‍ന്നുള്ള സ്ഥലം നിരപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് എടരിക്കോട് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് ചന്ദ്രൻ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാതിരിക്കണമെങ്കില്‍ വൈകുന്നേരത്തിനകം നേരിട്ട് വില്ലേജ് ഓഫീസിലേക്ക് വന്ന് കാണാന്‍ ആവശ്യപ്പെടുകയായിരുന്നു.
സ്ഥലം ഉടമയുടെ ബന്ധു കൂടിയായ മുജീബ് എന്ന ആളോട് 25000 രൂപയാണ് ചോദിച്ചത്. വീടിന്റെ മുറ്റത്തോട് ചേര്‍ന്നുള്ള അള ഭാഗത്തെ കുറച്ച് മണ്ണ് മാറ്റുകയാണ് ചെയ്തതെന്നും കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലൻസിനെ അറിയിക്കുകയായിരുന്നെന്ന് മുജീബ് പറയുന്നു. ഇന്ന് ഉച്ചക്ക് ശേഷം 25000 രൂപയുമായി എത്തി വില്ലേജ് ഓഫീസിൽ വെച്ചു തന്നെ ചന്ദ്രന് കൈമാറി. പണം എണ്ണിനോക്കി പോക്കറ്റിലിട്ട ചന്ദ്രൻ പുറത്ത് കാത്തുനിന്ന വിജിലൻസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. ഏഴ് വർഷമായി എടരിക്കോട് വില്ലേജ് ഓഫീസിൽ ജോലി ചെയ്യുന്നയാളാണ് ചന്ദ്രൻ.
