ആളൊന്നിന് 650 രൂപ വീതം കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ.

തൃശൂർ: ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി വാങ്ങിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരെ തൃശൂരിൽ തെളിവ് സഹിതം വിജിലൻസ് പിടികൂടി. എം വി ഡി ഉദ്യോഗസ്ഥരിൽ നിന്ന് മൊത്തം എഴുപത്തയ്യായിരം രൂപ പിടികൂടിയതായി വിജിലൻസ് അറിയിച്ചു. തൃശൂരിലെ എം വി ഐമാരായ കൃഷ്ണകുമാർ, അനീഷ് എന്നിവരിൽ നിന്നാണ് കൈക്കൂലി പണം പിടിച്ചത്.

ഡ്രൈവിംഗ് സ്കൂൾ ഉടമയായ ഹരിദാസിന്‍റെ പക്കൽ നിന്ന് ലഭിച്ച കൈക്കൂലി പണമെന്നും കണ്ടെത്തിയതായി വിജിലൻസ് വ്യക്തമാക്കി. ഡ്രൈവിംഗ് ടെസ്റ്റിന് ആളൊന്നിന് 650 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. വിജിലൻസ് ഡി വൈ എസ് പി ജിം പോളും സംഘവുമാണ് ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്നതിന് സമീപത്ത് നിന്നായി ഇവരെ പിടികൂടിയത്.

അതിനിടെ കൊച്ചിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരസഭയിലെ ഉന്നത ഉദ്യഗസ്ഥ കൈക്കൂലി പണവുമായി വിജിലൻസ് പിടിയിലായി എന്നതാണ്. ബിൽഡിംഗ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥ സ്വപ്‍നയെയാണ് വിജിലൻസ് കൈക്കൂലിയുമായി കയ്യോടെ പിടികൂടിയത്. കെട്ടിട പെർമിറ്റ്‌ നൽകുന്നതിന് ആവശ്യപ്പെട്ട കൈകൂലി മേടിക്കവെയാണ് സ്വപ്ന വലയിലായത്. വൈറ്റില സോണൽ ഓഫീസിലെ ബിൽഡിംഗ്‌ ഇൻസ്‌പെക്ടർ ആണ് സ്വപ്ന. കെട്ടിട നിർമാണത്തിന് അനുമതി നൽകാൻ 15,000 രൂപയാണ് കൈകൂലി വാങ്ങിയത്. കൈക്കൂലി കിട്ടാനായി ജനുവരി നൽകിയ അപേക്ഷ 4 മാസം സ്വപ്ന പിടിച്ചു വെച്ചതായി കണ്ടെത്തിയെന്ന് വിജിലൻസ് എസ് പി വ്യക്തമാക്കി. കെട്ടിട നിർമാണത്തിനുള്ള അനുമതി പല പല കാരണങ്ങളാൽ വൈകിച്ച സ്വപ്ന, കൈകൂലി തന്നാൽ ശരിയാക്കി തരാമെന്ന് അപേക്ഷകനെ അറിയിച്ചിരുന്നു. ഇക്കാര്യം അപേക്ഷകൻ വിജിലൻസനെ പരാതിയായി അറിയിക്കുകയായിരുന്നു. പരാതിക്കാരൻ നൽകിയ വിവരം അനുസരിച്ചാണ് വിജിലൻസിന്‍റെ നടപടി. സ്വപ്നയുടെ അറസ്റ്റ് രേഖപെടുത്തിയതായി വിജിലൻസ് എസ് പി അറിയിച്ചു. സ്വപ്ന അനുവദിച്ച കെട്ടിട പെര്‍മിറ്റ് മുഴുവൻ പരിശോധിക്കാനും തീരുമാനമുണ്ട്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് ഉൾപ്പെടുത്തിയാണ് നിലവിൽ കേസ്. ഔദ്യോഗിക കാലയളവിൽ സ്വപ്ന വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും വിജിലൻസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം