കീറിയ ബില്ലുകൾ  വെയ്സ്റ്റ് ബോക്സിൽ നിന്ന് കണ്ടെത്തി. സ്റ്റോക്കിൽ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി.

ഇടുക്കി: രാജകുമാരി ബിവറേജസ് ഔട്ട് ലെറ്റിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. ഔട്ട് ലെറ്റിൽ കാണേണ്ട പണത്തിൽ 17000 രൂപയുടെ കുറവുണ്ടായതായി പരിശോധനയിൽ തെളിഞ്ഞു. പണം കുറവ് വന്നതിനെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകാൻ ജീവനക്കാർക്കായില്ല. ഇതര സംസ്ഥാന തൊഴിലാളികൾ സ്ഥിരമായി വാങ്ങുന്ന 110 രൂപ വിലയുള്ള ബിയർ 140 രൂപക്കാണ് വിൽപ്പന നടത്തിയിരുന്നതെന്നും ഇവർ വാങ്ങുന്ന മദ്യത്തിന് ബില്ലു നൽകാറില്ലെന്നും വിജിലൻസിന് ബോധ്യപ്പെട്ടു.

കീറിയ ബില്ലുകൾ വെയ്സ്റ്റ് ബോക്സിൽ നിന്ന് കണ്ടെത്തി. സ്റ്റോക്കിൽ 108 കുപ്പി ബിയറിന്റെ കുറവും കണ്ടെത്തി. ഉപഭോക്താക്കൾ ആവശ്യപ്പെടുന്ന മദ്യം നൽകാതെ കമ്മീഷൻ കൂടുതൽ കിട്ടുന്ന മദ്യം മാത്രം നൽകുന്നതായും വിജിലൻസിന് ബോധ്യപ്പെട്ടു. കോട്ടയം വിജിലൻസ് യൂണിറ്റ് ആണ് റെയ്ഡ് നടത്തിയത്. സ്റ്റോക്കിലും കൃത്രിമം കണ്ടെത്തി. 

കഴിഞ്ഞ ദിവസങ്ങളിൽ ചെക്പോസ്റ്റുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ ഓപ്പറേഷൻ ട്രഷർ ഹണ്ടുമായി വിജിലൻസ് രം​ഗത്തെത്തിയിരുന്നു. പരിശോധനയിൽ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. പാറശാല ചെക്പോസ്റ്റിൽ നിന്ന് 11,900 രൂപ കണ്ടെത്തി. ആര്യങ്കാവിലും ഗോപാലപുരത്തും കൈക്കൂലി പണവും കണ്ടെടുത്തു. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് 6000 രൂപയും ഗോപാലപുരം ചെക്ക് പോസ്റ്റിൽ നിന്ന് 3950 രൂപയുമാണ് വിജിലൻസ് കണ്ടെത്തിയത്. വേലന്താവളം ചെക്ക്പോസ്റ്റിൽ നിന്ന് കണക്കിൽ പെടാത്ത 5700 രൂപയും വിജിലൻസ് പിടിച്ചെടുത്തു.

Read More... പട്രോളിംഗിനിടെ എസ്ഐയെ വളഞ്ഞിട്ട് ആക്രമിച്ച് അഞ്ചംഗ സംഘം, കൈക്ക് പരിക്ക്; സംഭവം കാസർകോട്

വാളയാർ ചെക്പോസ്റ്റിൽനിന്ന് 85500 രൂപ പിഴ ഈടാക്കി. പലയിടങ്ങളിലും ഡ്യൂട്ടിക്കിടെ ഉദ്യോഗസ്ഥർ മുങ്ങുന്നതായും ഉറങ്ങുന്നതായും വിജിലൻസ് കണ്ടെത്തി. ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപം ഏജന്റിൽ നിന്ന് 11950 രൂപയും വിജിലൻസ് പിടികൂടി. മൃഗസംരക്ഷണ വകുപ്പ് ചെക്പോസ്റ്റുകളിലും വിജിലൻസ് പരിശോധന നടത്തി.