Asianet News MalayalamAsianet News Malayalam

'ഫ്ലാറ്റ് അനുവദിച്ചില്ല'; തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണം

2016 മുതല്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നെങ്കില്‍ പോലും കോര്‍പ്പറേഷന് വലിയ തുക ലഭിക്കുമായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു.

vigilance inquiry against thrissur corporation secretary vkv
Author
First Published Dec 24, 2023, 12:45 AM IST

തൃശൂര്‍: തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയില്‍ കാല്‍വരി റോഡിലുള്ള ഫ്‌ളാറ്റ് 2016 ല്‍ അനുവദിച്ചയാള്‍ ഏറ്റെടുക്കാതിരുന്നപ്പോള്‍ മറ്റൊരാള്‍ക്ക് അനുവദിക്കണമെന്ന കമ്മിഷന്‍ ഉത്തരവ് അനുസരിക്കാതെ കമ്മിഷനെ തെറ്റിദ്ധരിപ്പിച്ച  സാഹചര്യത്തിലാണ് അന്വേഷണത്തിന് കമ്മിഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടത്. 

2016ല്‍ കോർപ്പറേഷന്‍റെ  ഫ്‌ളാറ്റ് അനുവദിക്കപ്പെട്ടയാള്‍ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുവെന്നും പള്ളി വികാരിയുടെ സംരക്ഷണയില്‍ താത്കാലികമായി താമസിക്കുന്നുവെന്നും തെറ്റായ റിപ്പോര്‍ട്ട് നല്‍കി കോര്‍പ്പറേഷന്‍ സെക്രട്ടറി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചതായി ഉത്തരവില്‍ പറയുന്നു. സുനിത എന്നയാള്‍ക്കാണ് 2016 ല്‍ ഫ്‌ളാറ്റ് അനുവദിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അവര്‍ ഏറ്റെടുത്തില്ല. തുടര്‍ന്ന് സ്വന്തമായി വീടില്ലാത്ത പൂന്തോള്‍ സ്വദേശി മുരളിക്ക് പ്രസ്തുത ഫ്‌ളാറ്റ് അനുവദിക്കാന്‍ കമ്മിഷന്‍ ഉത്തരവിട്ടു. 

എന്നാല്‍ സുനിത മടങ്ങിയെത്തി അവര്‍ക്ക് അനുവദിച്ച ഫ്‌ളാറ്റ് ഏറ്റെടുക്കുമെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് സുനിത എവിടെയാണെന്ന് അന്വേഷിക്കാന്‍ കമ്മിഷന്‍ ജില്ലാ സാമൂഹിക നീതി ഓഫീസറെ ചുമതലപ്പെടുത്തി. സുനിത തൃശൂര്‍ കോര്‍പ്പറേഷനിലെ 50ാം ഡിവിഷനില്‍ ഒരു വാടക വീട്ടില്‍ സഹോദരി ആശക്കൊപ്പം താമസിക്കുകയാണെന്ന് ഇവര്‍ കണ്ടെത്തി. ഇവര്‍ ക്ഷീണിതയായിരുന്നെങ്കിലും മാനസികമായി കുഴപ്പമുണ്ടെന്ന് തോന്നുന്നില്ലെന്ന് ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കമ്മിഷനെ അറിയിച്ചു.  

തുടര്‍ന്ന് സുനിതയുടെ ആരോഗ്യസ്ഥിതി വിലയിരുത്താനും അവര്‍ക്ക് സഹായം നല്‍കാനും അംഗനവാടി ജീവനക്കാരെ സാമൂഹികനീതി വകുപ്പ് ചുമതലപ്പെടുത്തി. സത്യസന്ധമായി റിപ്പോര്‍ട്ട് നല്‍കിയ ജില്ലാ സാമൂഹിക നീതി ഓഫീസര്‍ ജോയ് സ്റ്റീഫനെ കമ്മിഷന്‍ അഭിനന്ദിച്ചു. കൂലിവേലക്കാരനായ മുരളിക്ക് വീട് നല്‍കാതിരിക്കാന്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയതായി കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. 

2016 മുതല്‍ ഒഴിഞ്ഞു കിടക്കുന്ന ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നെങ്കില്‍ പോലും കോര്‍പ്പറേഷന് വലിയ തുക ലഭിക്കുമായിരുന്നുവെന്ന് ഉത്തരവില്‍ പറയുന്നു. ഇത് സെക്രട്ടറിയുടെ അനാസ്ഥയാണ്. പരാതിക്കാരനായ മുരളിക്ക് അര്‍ഹമായ ഫ്‌ളാറ്റ് അനുവദിച്ചു നല്‍കാന്‍ കമ്മിഷന്‍ ചീഫ് സെക്രട്ടറി്ക്ക് നിര്‍ദേശം നല്‍കി. കൂടാതെ അനുവദിക്കുന്ന ഫ്‌ളാറ്റ് നിശ്ചിത സമയത്തിനകം സ്വീകരിക്കാന്‍ ബൈലോയില്‍ നിബന്ധന ഏര്‍പ്പെടുത്തണമെന്നും കോര്‍പ്പറേഷന്‍ കൗണ്‍സിലിന് കമ്മിഷന്‍ നിര്‍ദേശം നല്‍കി. ഉത്തരവ് ചീഫ് സെക്രട്ടറിയ്ക്ക് അയച്ചു.

Read More : 

Latest Videos
Follow Us:
Download App:
  • android
  • ios