കല്‍പ്പറ്റ: ഇരട്ടിയോളം പണം മുടക്കി കാടുവെട്ട് യന്ത്രം വാങ്ങിയ വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണം. 13000 രൂപക്ക് കാട്ട് വെട്ടുന്ന യന്ത്രം കിട്ടുമെന്നിരിക്കെ കുടുംബശ്രീ അംഗങ്ങള്‍ക്ക് വേണ്ടി 21000 രൂപയുടെ യന്ത്രം വാങ്ങി നല്‍കിയെന്ന പരാതിയിലാണ് പഞ്ചായത്തിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. പൊതുപ്രവര്‍ത്തകനായ എന്‍.ടി. അനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. 

അനില്‍കുമാര്‍ അടക്കമുള്ളവരില്‍ നിന്ന് കഴിഞ്ഞ ദിവസം അന്വേഷണ സംഘം മൊഴിയെടുത്തു. 2018-'19 വര്‍ഷത്തിലെ പദ്ധതി പ്രകാരമാണ് കുടുംബശ്രീ അംഗങ്ങളില്‍നിന്ന് ഗുണഭോക്തൃവിഹിതം വാങ്ങി കാടുവെട്ടുന്ന യന്ത്രം വാങ്ങിയത്. 64 കുടുംബശ്രീ യൂണിറ്റുകളില്‍ ഒരു അംഗവും എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട കുടുംശ്രീ അംഗങ്ങളായ 25 വനിതകളുമായിരുന്നു ഗുണഭോക്താക്കള്‍. ടെന്‍ഡര്‍ വിളിച്ചായിരുന്നു നടപടിക്രമങ്ങള്‍ എങ്കിലും കുറഞ്ഞതുകക്ക് യന്ത്രം നല്‍കാമെന്ന് പറഞ്ഞ സഹകരണ സ്ഥാപനമായ റെയ്ഡ്‌കോയെ അടക്കം ഒഴിവാക്കി വിപണിവിലയെക്കാള്‍ കൂടിയ നിരക്കില്‍ യന്ത്രം വാങ്ങിയെന്നാണ് പരാതി. 

റെയ്ഡ്‌കോ യന്ത്രം ഒന്നിന് 13,000 രൂപ വില നിശ്ചയിച്ച് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം പരിഗണിക്കാതെ കൂടിയ വിലയില്‍ യന്ത്രങ്ങള്‍ എത്തിക്കുകയായിരുന്നു. സഹകരണസ്ഥാപനമായ സുല്‍ത്താന്‍ബത്തേരിയിലെ കെയ്‌കോയുടെ ബില്ലില്‍ 21000 രൂപ വിലയിട്ട് മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനമാണ് നിലവാരം കുറഞ്ഞതും വില കൂടിയതുമായി യന്ത്രങ്ങള്‍ എത്തിച്ചു നല്‍കിയതെന്ന് പരാതിക്കാരനായ എന്‍.ടി. അനില്‍കുമാര്‍ പറഞ്ഞു. 

യന്ത്രങ്ങളില്‍ മിക്കതും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ നശിക്കുകയാണ്. ഒരുമിച്ച് വാങ്ങുമ്പോള്‍ വിപണിയില്‍ 8000 രൂപ വിലയുള്ള യന്ത്രങ്ങളാണ് പഞ്ചായത്തിന് മാനന്തവാടിയിലെ സ്വകാര്യ സ്ഥാപനം എത്തിച്ചു നല്‍കിയിരിക്കുന്നതെത്രേ. മാത്രമല്ല പത്ത് മെഷീനുകള്‍ ഒരുമിച്ച് വാങ്ങിയാല്‍ ഒരു യന്ത്രം ഫ്രീ ആയി പ്രസ്തുത കമ്പനി നല്‍കുമെന്നിരിക്കെ ഇക്കാര്യങ്ങളെല്ലാം ഭരണസമിതി അവഗണിച്ചുവെന്ന് പരാതിക്കാരന്‍ ഏഷ്യനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ നിന്ന് ഗുണഭോക്തൃ വിഹതം വാങ്ങിയിരുന്നില്ലെങ്കിലും പൊതുവിഭാഗങ്ങളില്‍ നിന്ന് 2100 രൂപ ഗുണഭോക്തൃവിഹിതമായി വാങ്ങിയിരുന്നു. എന്നാല്‍ യന്ത്രം വിതരണം ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ തകരാറിലായെന്നാണ് ആരോപണം. അന്നത്തെ കൃഷി ഓഫീസറുടെ കൂടി അറിവോടെയാണ് യന്ത്രങ്ങള്‍ വാങ്ങിയതെന്നും ആരോപണമുണ്ട്. 

ഈ വര്‍ഷവും 67 യന്ത്രങ്ങള്‍ ഇത്തരത്തില്‍ വാങ്ങാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ നിര്‍വഹണ ഉദ്യോഗസ്ഥനായ കൃഷി ഓഫീസര്‍ പിന്‍മാറിയെന്നാണ് അറിഞ്ഞത്. അതേ സമയം പഞ്ചായത്തിന്റെ ഭാഗത്ത് നിന്ന് ക്രമവിരുദ്ധമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും പ്രസിഡന്റ് നൗഷാദ് പറഞ്ഞു.