കല്‍പ്പറ്റ: മാനന്തവാടിക്കടുത്ത കാട്ടിക്കുളം ചെക്‌പോസ്റ്റില്‍ ലോറി ഡ്രൈവറെ പണം ആവശ്യപ്പെട്ട് എഎംവിഐ മര്‍ദ്ദിച്ചെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പരിശോധന നടത്തി. കഴിഞ്ഞ ദിവസം കര്‍ണാടകയിലേക്ക് പച്ചക്കറി കയറ്റാന്‍ പോയ ലോറിയുടെ ഡ്രൈവര്‍ പേരാവൂര്‍ സ്വദേശി മെല്‍ബിന്‍ ചെക്‌പോസ്റ്റില്‍ അധികൃതര്‍ കൈക്കൂലി ആവശ്യപ്പെട്ടതായും മര്‍ദ്ദിച്ചതായും സാമൂഹിക മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് ജില്ല കളക്ടര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധനയെന്നാണ് വിവരം. 

പരിശോധനയില്‍ പണവും വിദേശ നിര്‍മിത മദ്യവും വിജിലന്‍സ് പിടികൂടി. സീലിങ്ങിനിടയില്‍ നിന്ന് 750 രൂപയാണ് കണ്ടെടുത്തത്. അടക്കുളയില്‍ നിന്ന് 150 മില്ലി മദ്യവും ലഭിച്ചു. വിജിലന്‍സ് ഓഫീസര്‍ പി.എല്‍.ഷൈജുവിന്റെയും തിരുനെല്ലി സി.ഐ രഞ്ജിത്തിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. 

അതേസമയം ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി വ്യാജമാണെന്ന് ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ സാമൂഹ്യമാധ്യമത്തിലൂടെ വ്യക്തമാക്കി. തന്റെ പരിചയക്കാരനായ ഡ്രൈവര്‍ മെല്‍ബിന്‍ തന്നോടാണ് പണം ആവശ്യപ്പെട്ടതെന്നും നല്‍കാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. സംഭവത്തില്‍ ഇന്നലെ രാത്രിതന്നെ തിരുനെല്ലി പൊലീസില്‍ പരാതി നല്‍കിയതായും എഎംവിഐ  വ്യക്തമാക്കുന്നു.