സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷന്‍ ഭ്രഷ്ട് നിര്‍മൂലന്‍' പരിശോധനയുടെ ഭാഗമായാണ് ചെക്ക് പോസ്റ്റുകളില്‍ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ പരിശോധന നടത്തിയത്. 

കണ്ണൂര്‍: കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്ലാത്ത 16,900 രൂപ പിടിച്ചെടുത്തു. വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം പിരിക്കുന്ന രണ്ട് ഇടനിലക്കാരും വിജിലന്‍സ് കസ്റ്റഡിയിലായിട്ടുണ്ട്. കണ്ണൂര്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം അനധികൃതമായി 1600 രൂപ പിരിക്കുന്നത് തടഞ്ഞി. 

സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപ്പറേഷന്‍ ഭ്രഷ്ട് നിര്‍മൂലന്‍' പരിശോധനയുടെ ഭാഗമായാണ് ചെക്ക് പോസ്റ്റുകളില്‍ വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ പരിശോധന നടത്തിയത്. ചെറിയ വാഹനങ്ങള്‍ക്ക് രശീതോ, മറ്റ് ചോദ്യങ്ങളോ ഇല്ലാതെ 50 രൂപ കൊടുത്തും, വലിയ വാഹനങ്ങള്‍ 100 കൊടുത്തും പരിശോധനകള്‍ ഇല്ലാതെ കടന്നുപോകുന്നുവെന്ന് വിജിലന്‍സ് കണ്ടെത്തി. 

കണ്ണൂര്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ ദിവസം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചെക്ക് പോസ്റ്റില്‍ കഴിഞ്ഞമാസം വെറും 25 വാഹനങ്ങളാണ് ഭാര പരിശോധന നടത്തിയതെന്ന് വിജിലന്‍സ് കണ്ടെത്തി. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഭാരകൂടുതല്‍ കണ്ടെത്തിയത്. എന്നാല്‍ ഭാരപരിശോധന യന്ത്രം ഇല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ചെക്ക് പോസ്റ്റിലെ ക്യാമറയും പ്രവര്‍ത്തിക്കുന്നില്ല. കൈക്കൂലിക്കെതിരായ ബോര്‍ഡ് ആരും കാണാത്ത സ്ഥലത്താണ് സ്ഥാപിച്ചിരുന്നത്. ഇവയുടെ എല്ലാം വിശദമായ വീഡിയോ വിജിലന്‍സ് എടുത്തു.

അതേ സമയം കണ്ണൂര്‍ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് എത്തുന്പോള്‍ ഉദ്യോഗസ്ഥന്‍റെ ഫോണിലേക്ക് പണം ആവശ്യപ്പെട്ട് വന്ന വാട്ട്സ്ആപ്പ് സന്ദേശം വച്ചാണ് വാഹനങ്ങളില്‍ നിന്നും അനധികൃതമായി പണം പിരിക്കുന്ന രണ്ട് ഇടനിലക്കാരുടെ വിവരങ്ങള്‍ ലഭിച്ചത് എന്നാണ് വിവരം. ഇതില്‍ സമഗ്ര അന്വേഷണം നടത്താനാണ് വിജിലന്‍സ് തീരുമാനം. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കൂട്ടുപുഴയില്‍ പരിശോധന നടത്തിയത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona