കൊല്ലത്ത് വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ തമിഴ്നാട് സ്വദേശി വിജു സുരേഷ് ഒരു സീരിയൽ കില്ലറാണോ എന്ന് പോലീസിന് സംശയം.
കൊല്ലം : കൊല്ലം നഗരത്തിൽ കമ്മീഷ്ണർ ഓഫീസിന് സമീപം കിടന്നുറങ്ങുകയായിരുന്ന വയോധികനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതി സീരിയൽ കില്ലറാണോ എന്ന സംശയത്തിൽ പൊലീസ്. വാൽപ്പാറയിൽ വെച്ച് പിടിയിലായ തമിഴ്നാട് സ്വദേശിയായ വിജു സുരേഷ് സ്ഥിരം കുറ്റവാളിയാണെന്നും തമിഴ്നാട്ടിൽ നോട്ടപ്പുള്ളിയാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. അലഞ്ഞു നടന്ന് കുറ്റകൃത്യങ്ങൾ ചെയ്യുന്നതാണ് ഇയാളുടെ രീതി. പണം ആവശ്യപ്പെട്ടിട്ട് നൽകാത്തവരെ ആക്രമിക്കുന്ന സ്വഭാവവും ഇയാൾക്കുണ്ട്.
മൊബൈൽ ഫോൺ ഉപയോഗിക്കില്ല. ഇത് പലപ്പോഴും പല കേസുകളുടെയും അന്വേഷണം ഇയാളിലേക്ക് എത്താത്തതിന് കാരണമാകുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ചരക്കു വാഹനങ്ങൾ, ബൈക്കുകൾ എന്നിവയിൽ ലിഫ്റ്റ് ചോദിച്ചാണ് യാത്ര ചെയ്യുക. കല്ലുവാതുക്കലിലെ വയോധികന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടാ എന്ന് പരിശോധിക്കും.
കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ പാരിപ്പള്ളി തൊളിക്കോട് സ്വദേശി രവീന്ദ്രൻ (65) എന്ന വയോധികനെ രക്തം വാർന്ന് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുമ്പോൾ തലയ്ക്കേറ്റ അടിയാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതിനെത്തുടർന്ന്, പോലീസ് ഈ സംഭവം കൊലപാതകമായി രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയാണ്. ഈ കൊലപാതകത്തിന് പിന്നിലും വിജു സുരേഷ് ആണോ എന്നാണ് സംശയിക്കുന്നത്. വ്യക്തത തേടി കൊല്ലം സിറ്റി പൊലീസ് അന്വേഷണം നടത്തുകയാണ്.


