വിലങ്ങാട് 5 വർഷം മുൻപ് ഉരുൾപൊട്ടലിൽ തകർന്ന പാലത്തിന്‍റെ പണി തീരാറായി; അപ്രോച്ച് റോഡ് നിർമാണം എങ്ങുമെത്തിയില്ല
ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 4.10 കോടി രൂപ ചെലവിട്ടാണ് പാലം പണി പുരോഗമിക്കുന്നത്.
കോഴിക്കോട്: വിലങ്ങാട് ആലിമൂലയില്‍ അഞ്ച് വര്‍ഷം മുമ്പുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പക്വായി പാലത്തിന്‍റെ പുനര്‍നിര്‍മാണം പൂര്‍ത്തിയാവാറായിട്ടും അപ്രോച്ച് റോഡ് നിര്‍മാണം എങ്ങുമെത്തിയില്ല. നരിപ്പറ്റ വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം ഉപയോഗിക്കാന്‍ കഴിയാത്തതിനാല്‍ ഇരു പ്രദേശങ്ങളിലേക്കും എത്താനുള്ള യാത്രാ മാര്‍ഗം അടഞ്ഞിരിക്കുകയാണ്.
അഞ്ചു വര്‍ഷം മുമ്പ് വിലങ്ങാട് ആലിമൂലയില്‍ ഉണ്ടായ ഉരുള്‍പൊട്ടല്‍ നാലു പേരുടെ ജീവന്‍ കവര്‍ന്നിരുന്നു. അന്ന് തകര്‍ന്നതാണ് പാക്വായി പാലം. ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 4.10 കോടി രൂപ ചെലവിട്ടാണ് പാലം പണി പുരോഗമിക്കുന്നത്. പാലത്തിന്‍റെ പണി പൂര്‍ത്തായാവാറായെങ്കിലും അപ്രോച് റോഡ് നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. ഇതോടെ ഏണി വച്ച് പാലത്തില്‍ കയറി മറുകരയെത്തേണ്ട ഗതികേടിലാണ് നാട്ടുകാര്‍.
പാക്വായി പാലത്തിലേക്കുള്ള അപ്രോച് റോഡിനായി സൗജന്യമായാണ് ആളുകള്‍ സ്ഥലം വിട്ടു നല്‍കിയത്. പക്ഷേ റോഡ് നിര്‍മാണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. ജല്‍ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം പൈപ്പിടല്‍ പ്രവൃത്തി വൈകുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങളാണ് റോഡ് നിര്‍മാണം വൈകാന്‍ കാരണമാകുന്നതെന്ന് അധികൃതര്‍ പറയുന്നു. കഴിഞ്ഞ മാസം 29ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ നരിപ്പറ്റ, വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പല പാലങ്ങളും തകര്‍ന്നിരുന്നു.
പന്നിയേരി, മലയങ്ങാട്, കമ്പിളിപ്പാറ, പാനോം, കുറ്റല്ലൂര്‍ ഭാഗങ്ങളിലാണ് ഇത്തവണ ചെറുതും വലുതും ആയ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായത്. പ്രാഥമിക പരിശോധനയില്‍ ബോധ്യമായ നഷ്ടത്തിന്‍റെ തോത് റവന്യു അധികാരികൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. റവന്യൂ മന്ത്രിയുടെ അധ്യക്ഷതയില്‍ വിലങ്ങാട് പ്രത്യേക യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ദുരന്തബാധിത പ്രദേശത്ത് റവന്യൂ മന്ത്രിക്കു പുറമെ വനം, പൊതുമരാമത്ത്, ജലവിഭവ, കൃഷി മന്ത്രിമാരും സന്ദര്‍ശിച്ചു. തകരാറിലായ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. നൂറോളം ജീവനക്കാര്‍ രാപ്പകല്‍ അധ്വാനിച്ച് നാല് കിലോമീറ്റര്‍ നീളത്തില്‍ പുതുതായി ലൈന്‍ വലിക്കുകയും നാലു കിലോമീറ്ററോളം പ്രദേശത്ത് നിലവിലെ ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങളുടെ നിലവിലെ സ്ഥിതിഗതികള്‍ പഠിക്കാനും ഇവിടെ തുടര്‍വാസം സാധ്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി ജിയോളജി, ഹൈഡ്രോളജി, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹസാഡ് അനലിസ്റ്റും പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിവരികയാണ്. വിലങ്ങാട് മേഖലയില്‍ ഉരുള്‍പൊട്ടല്‍ മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് അതിവേഗം ആശ്വാസവും പുനരധിവാസവും സാധ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിലങ്ങാട് ഉരുൾപൊട്ടൽ: കെഎസ്ഇബിക്ക് 7.87 കോടി രൂപയുടെ നഷ്ടം