സ്ഥലം വന്ന് നോക്കിയതിന് 500 ചോദിച്ചു, കൊടുത്തു; എന്നിട്ടും തീരാത്ത ആർത്തി! ഇനി അകത്ത് കിടക്കാം...
പാലക്കാട് ജില്ലയിലെ കുരുത്തിതോട് സ്വദേശിയായ പരാതിക്കാരന്‍റെ വസ്തുവിന്റെ തണ്ടപ്പേര് അനുവദിച്ച് നൽകുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 29ന് തരൂർ-1 വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് വിജിലൻസ് പിടിയിലായി. പാലക്കാട് ജില്ലയിലെ തരൂർ-1 വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്‍റ് കുമാർ ബി എം ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇന്ന് കയ്യോടെ പാലക്കാട് വിജിലൻസിന്‍റെ പിടിയിലായത്. പാലക്കാട് ജില്ലയിലെ കുരുത്തിതോട് സ്വദേശിയായ പരാതിക്കാരന്‍റെ വസ്തുവിന്റെ തണ്ടപ്പേര് അനുവദിച്ച് നൽകുന്നതിനായി ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 29ന് തരൂർ-1 വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
തുടർന്ന് ഈ മാസം പതിനൊന്നാം തീയതി വില്ലേജ് ഓഫീസറും വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് കുമാറും സ്ഥല പരിശോധന നടത്തി, അന്നേ ദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് 500 രൂപ കൈക്കൂലി വാങ്ങുകയും, സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ ആയിരം രൂപ കൈക്കൂലി കൂടി വേണമെന്ന് പറയുകയും ചെയ്തു. തുടർന്ന് ഇന്നലെ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വില്ലേജ് ഓഫീസിലെത്തിയപ്പോൾ സർട്ടിഫിക്കറ്റ് ആയിട്ടില്ലെന്നും, നാളെ ആയിരം രൂപയുമായി വരാനും ആവശ്യപ്പെട്ടു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം പാലക്കാട് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷംസുദ്ദീനെ വിവരം അറിയിച്ചു. തുടര്‍ന്ന് വിജിലൻസ് സംഘം കെണിയൊരുക്കി ഇന്ന് നാല് മണിക്ക് വില്ലേജ് ഓഫീസിൽ വച്ച് ആയിരം രൂപ കൈക്കൂലി വാങ്ങവേ പാലക്കാട് വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡിവൈഎസ്പിയെ കൂടാതെ ഇൻസ്പെക്ടർമാരായ സുജിത്ത്, ഷിബു സബ് ഇൻസ്പെക്ടർമാരായ സുരേന്ദ്രൻ, സന്തോഷ്, സുദേവൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബൈജു സീനിയർ സിവിൽ പൊലീസ് ഓഫീസർ ഉവൈസ് എന്നിവർ ഉണ്ടായിരുന്നു. പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ടി കെ വിനോദ് കുമാർ ജനങ്ങളോട് അഭ്യർത്ഥിച്ചു.
കേരളത്തിൽ വീട്ടിൽ മിനി ബാറിന് ലൈസൻസ് കിട്ടുമോ? അന്വേഷിച്ച് വിളിക്കുന്നവരോട് എക്സൈസിന് പറയാനുള്ളത്