പ്രതിഷേധം കനത്തതോടെ തഹസില്‍ദാര്‍ നേരിട്ടെത്തി പഞ്ചായത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തി. സ്ഥിരം ഓഫീസര്‍ ഉണ്ടാകുമെന്ന് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിപ്പിച്ചത്.
കല്‍പ്പറ്റ: രണ്ട് മാസമായി ഓഫീസിറില്ലാത്ത വെങ്ങപ്പള്ളി വില്ലേജ് ഓഫീസിനുള്ളില്‍ പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളുമെത്തി കുത്തിയിരിപ്പ് സമരവും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധ സമരവും സംഘടിപ്പിച്ചു. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ രേണുക, വൈസ് പ്രസിഡന്റ് പി.എം. നാസര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ എത്തിയത്. പ്രതിഷേധം കനത്തതോടെ തഹസില്‍ദാര്‍ നേരിട്ടെത്തി പഞ്ചായത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തി. സ്ഥിരം ഓഫീസര്‍ ഉണ്ടാകുമെന്ന് തഹസില്‍ദാര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ നീണ്ട സമരം അവസാനിപ്പിച്ചത്.
മാസങ്ങളായി വെങ്ങപ്പള്ളിയില്‍ വില്ലേജ് ഓഫിസര്‍ ഇല്ലായിരുന്നു. നിലവിലെ ഓഫീസര്‍ അവധിയില്‍ പോയതോടെ ചുണ്ടേല്‍ വില്ലേജ് ഓഫീസര്‍ക്കായിരുന്നു താല്‍ക്കാലിക ചുമതല. മൂന്ന് ദിവസം മാത്രം വെങ്ങപ്പള്ളിയില്‍ എത്തണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഈ ഓഫീസറും കൃത്യമായി വരാതായതോടെ അത്യാവശ്യകാര്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടവര്‍ വലഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി അവസാനിക്കാനിരിക്കെ പ്രായമായവര്‍ അടക്കം നിരവധി പേരാണ് ഇന്ന് ഓഫീസിലെത്തി നിരാശരായത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ഓഫീസര്‍ ഇല്ലാത്തതിനാല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുകയായിരുന്നു.
പ്രതിഷേധസമരമറിഞ്ഞ് പകരം ചുമതലയുള്ള ചുണ്ടേല്‍ വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തിയിരു്ന്നു. ഓഫീസിലെത്തിയവരുടെ ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്ന് അദ്ദേഹവും സമരക്കാര്‍ക്ക് ഉറപ്പുനല്‍കി. അതേ സമയം അവധിയെടുത്ത് പോയ വെങ്ങപ്പള്ളി വില്ലേജിലെ സ്ഥിരം ഓഫീസര്‍ക്ക് സ്ഥലം മാറ്റമായിട്ടുണ്ടെന്നാണ് വിവരം. ഇവിടേക്ക് സ്ഥിരമായി ഓഫീസര്‍ ഉണ്ടാകില്ലെന്നറിഞ്ഞതോടെയായിരുന്നു പഞ്ചായത്ത് ഭരണസമിതിയുടെയും യൂത്ത്‌ലീഗിന്റെയും പ്രതിഷേധം.
