ഒരു മാസമായി തെരെഞ്ഞടുപ്പ് ജോലികളുമായി വില്ലേജ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ സ്ഥിരമായി ഉണ്ടായിരുന്നില്ല. പുതിയ പോക്കുവരവ്, നികുതിയടക്കല്‍, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍, ലൊക്കേഷന്‍ സ്‌കെച്ച്, മാപ്പ്, നോ ഒബ്ജക്ഷന്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ഒന്നും തന്നെ അനുവദിച്ച് ലഭിക്കാന്‍ പ്രയാസമായിരുന്നു
തൃശൂര്‍: ലോക്‌സഭ തെരഞ്ഞടുപ്പിനെ തുടര്‍ന്ന് പ്രവര്‍ത്തനം താളം തെറ്റിയ വില്ലേജ് ഓഫിസുകളില്‍ വീണ്ടും സജീവമായി. പലയിടത്തും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ ഒമ്പത് മുതല്‍ തന്നെ പല വില്ലേജ് ഓഫിസുകളിലും ആളുകള്‍ എത്തിതുടങ്ങിയത് ആദ്യം അങ്കലാപ്പുണ്ടാക്കി.
പിന്നീടാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ആവശ്യക്കാര്‍ ദുരിതത്തിലായിരുന്ന കാര്യം ചര്‍ച്ചയായത്. ഒരു മാസമായി തെരെഞ്ഞടുപ്പ് ജോലികളുമായി വില്ലേജ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ സ്ഥിരമായി ഉണ്ടായിരുന്നില്ല. പുതിയ പോക്കുവരവ്, നികുതിയടക്കല്‍, കൈവശ സര്‍ട്ടിഫിക്കറ്റുകള്‍, ലൊക്കേഷന്‍ സ്‌കെച്ച്, മാപ്പ്, നോ ഒബ്ജക്ഷന്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി ഒന്നും തന്നെ അനുവദിച്ച് ലഭിക്കാന്‍ പ്രയാസമായിരുന്നു.
വോട്ടെടുപ്പിന്റെ ഭാഗമായി 22, 23, 24 തിയതികളില്‍ മുഴുവന്‍ സമയ തെരെഞ്ഞടുപ്പ് ജോലിയിലായിരുന്നതിനാല്‍ വില്ലേജ് ഓഫിസുകള്‍ പൂര്‍ണമായും നിശ്ചലമായിരുന്നു. ഇതുമൂലം ബുദ്ധിമുട്ടിലായ ജനങ്ങള്‍ വോട്ടെടുപ്പ് കഴിഞ്ഞ് വ്യാഴാഴ്ച ഓഫിസുകള്‍ തുറന്നപ്പോള്‍ രാവിലെ തന്നെ എത്തിയിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ ഭൂനികുതിയടക്കാനായിരുന്നു ഏറെ തിരക്ക്. വില്ലേജ് ഓഫിസിലെ ഒരാഴ്ചയിലെ കണക്ക് മുഴുവന്‍ ശരിയാക്കി അക്കൗണ്ട് ക്ലോസ് ചെയ്ത് താലൂക്കില്‍ എത്തിക്കേണ്ടതിനാല്‍ ഉദ്യോഗസ്ഥരും തിരക്കിലായി.
