പ്രവാസി ദമ്പതികളുടെ കോടികളുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമം, ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നുവെന്ന് ആരോപണം
ചുറ്റും കിടക്കുന്നത് അടുത്ത ബന്ധുക്കളുടെ സ്ഥലമാണ്. ഇടക്കുണ്ടായിരുന്ന മൂന്നര മീറ്റര്‍ വഴി എട്ട് മീറ്ററിൽ വെട്ടിയ ബന്ധുക്കളുടെ നടപടി ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം തുടങ്ങുന്നത്.
വർക്കല: പ്രവാസി ദമ്പതികളുടെ കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാനുള്ള ബന്ധുക്കളുടെ നീക്കങ്ങൾക്ക് ഭൂരേഖകളിൽ തിരിമറി നടത്തി റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശ. റവന്യു രജിസ്റ്ററിൽ തിരുത്തലുകൾ നടത്തിയെന്ന് മാത്രമല്ല എതിര്‍ കക്ഷികൾ ആവശ്യപ്പെട്ട ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റ് അടക്കം രേഖകൾ അനുവദിച്ചെന്നുമാണ് ആക്ഷേപം. റവന്യു ഉദ്യോഗസ്ഥരുടെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും ചെയ്തത് ഗൗരവകരമായ കുറ്റമാണെന്നും ദക്ഷിണ മേഖല വിജിലൻസ് ഡെപ്യൂട്ടി കലക്ചറുടെ അന്വേഷണത്തിലും കണ്ടെത്തിയിട്ടുണ്ട്. പാരാതികളുമായി ഓഫീസുകൾ കയറി ഇറങ്ങിയിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുന്നതിനോ ഭൂരേഖ തിരിമറികൾ തീര്‍ത്ത് നൽകുന്നതിനോ ഇതുവരെ നടപടികളായിട്ടില്ല.
വര്‍ക്കല സ്വദേശികളായ റോയ് പ്രഭാകരനും നൈനാ റാണിക്കും കരവാരം വില്ലേജിൽ രേഖകൾ പ്രകാരം ഒരേക്കര് 66 സെന്‍റുണ്ട്. മൂന്ന് സര്‍വെ നമ്പറുകളിലായി പരസ്പരം ചേര്‍ന്ന് കിടക്കുന്ന ഭൂമി വര്‍ഷങ്ങളായി കരമടച്ച് അനുഭവത്തിലിരിക്കുന്നതുമാണ്. കയ്യിൽ രേഖകളെല്ലാമുണ്ട്, സ്ഥലത്തെത്തിയാൽ അതിര്‍ത്തികളും വ്യക്തമാണ്. ചുറ്റും കിടക്കുന്നത് അടുത്ത ബന്ധുക്കളുടെ സ്ഥലമാണ്. ഇടക്കുണ്ടായിരുന്ന മൂന്നര മീറ്റര്‍ വഴി എട്ട് മീറ്ററിൽ വെട്ടിയ ബന്ധുക്കളുടെ നടപടി ചോദ്യം ചെയ്തതോടെയാണ് തര്‍ക്കം തുടങ്ങുന്നത്.
ഈ കാലയളവിൽ കരവാരം വില്ലേജ് ഓഫീസറായിരുന്ന ബിനുവിന്‍റെ നേതൃത്വത്തിൽ തണ്ടപ്പേര്‍ കണക്കും കരമൊടുക്കിയ രേഖയും അടക്കം റവന്യു റെക്കോര്‍ഡിൽ തിരുത്തൽ വരുത്തിയെന്നും അത് പണത്തിനും സ്വാധീനത്തിനും വഴങ്ങിയാണെന്നുമാണ് പരാതി. പിന്നാലെ റിംഗ് റോഡിന്‍റെ സര്‍വെ കൂടിയായതോടെ കിട്ടാനിരിക്കുന്ന വൻതുകയിൽ കണ്ണുവച്ച് സഹോദരങ്ങളായ ഡോ. ഉദയലാൽ ഭാര്യ സൈനാറാണി, ബാല രാവണൻ എന്നിവര്‍ നടത്തിയ ഇടപെടുകൾക്ക് റവന്യു ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നാണ് പരാതി.
പ്രവാസി ദമ്പതികളുടെ സ്ഥലം കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ സ്കെച്ചും ലൊക്കേഷൻ സര്‍ട്ടിഫിക്കറ്റും അടക്കമുള്ള രേഖകൾ എതിര്‍ കക്ഷികൾക്ക് നൽകിയെന്നാണ് പരാതി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അത് റദ്ദാക്കാൻ തയ്യാറായതുമില്ല. റവന്യു നടപടി ക്രമങ്ങളിലെ സങ്കീര്‍ണ്ണതകളെല്ലാം മാറ്റിവച്ചാലും ഭൂരേഖകളിൽ കൃത്രിമം കാണിച്ചതിനും ഓഫീസിലെത്തിയവരോടെ മോശമായി പെരുമാറിയതിനും നടപടി ആവശ്യപ്പെട്ടാണ് റവന്യു വിജിലൻസിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്. കരവാരം മുൻ വില്ലേജ് ഓഫീസര്‍ ബിനു വില്ലേജ് ഓഫീസര്‍ സന്തോഷ് കുമാര്‍.
ചിറയിൻകീഴ് താലൂക്കിലെ ഭൂരേഖ തഹസിൽദാര്‍ സജി എസ്. എസ്. എന്നിവര്‍ക്കെതിരെയാൻണ് നടപടി ശിപാര്‍ശ. വകുപ്പ് മന്ത്രി മുതൽ മുഖ്യമന്ത്രിക്ക് വരെയും റവന്യു കമ്മീണറേറ്റിലും പരാതിയുമായി കയറി ഇറങ്ങാൻ തുടങ്ങിയിട്ട് മാസങ്ങളായെന്നും പറയുന്നു.