തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതിയുടെ കീഴിൽ നടക്കുന്ന വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിലെ റോഡ് നിർമ്മാണത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം. എസ്റ്റിമേറ്റിൽ പറഞ്ഞിരിക്കുന്ന പുതിയ പാലത്തിന് പകരം നിലവിലെ ജീർണിച്ച പാലത്തിന്റെ കൈവരികൾ പൊളിച്ചുമാറ്റി വീതികൂട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. 

ജില്ലാ പഞ്ചായത്ത് ആണ് റോഡ് നിർമിക്കുന്നത്. നിർമാണം ഉൾപ്പെടെ അഞ്ച് വർഷത്തെ മേൽനോട്ടവും അറ്റകുറ്റപ്പണികളും ജില്ലാപഞ്ചായത്ത് നടത്തും. അതിനു ശേഷം വെങ്ങാനൂർ ഗ്രാമ പഞ്ചായത്തിനു റോഡ് കൈമാറും. ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനിയർ ആണ് ഈ നിർമാണത്തിന്റെ മേൽനോട്ടം. 

നെല്ലിമൂഡ് സ്വദേശിയായ സുരേന്ദ്രൻ ആണ് ഇതിന്റെ നിർമ്മാണ കരാർ എടുത്തിരിക്കുന്നത്. ആറുമാസം മുൻപ് നിർമാണം തുടങ്ങിയത് മുതൽ തന്നെ എസ്റ്റിമേറ്റ് പ്രകാരം അല്ലെന്നും അശാസ്ത്രീയ നിർമ്മാണമാണ് നടക്കുന്നത് എന്നും വൻ ക്രമക്കേടുകൾ ഉണ്ടെന്നും നാട്ടുകാർ ആരോപിച്ചിരുന്നു.

പനങ്ങോട് വെണ്ണിയൂർ അമരിവിള വരെയുള്ള ഏകദേശം രണ്ട് കിലോമീറ്റർ റോഡ് പുതുക്കി പണിയാൻ  ഒരു കോടി 44 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.  നാട്ടുകാരും വാർഡ് മെമ്പർമാരും നിരവധി പരാതികളുമായി ജില്ലാ കളറ്ററെയും (PMGSY) എക്സിക്യൂട്ടീവ് എൻജിനീർ അശോക് കുമാറിനെയും  സമീപിച്ചെങ്കിലും കോൺട്രാക്ടറുടെ ഉന്നത ബന്ധത്തിൽ യാതൊരു നിയന്ത്രണവുമില്ലാതെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നുയെന്ന് വാർഡ് മെമ്പർ സന്തോഷ് പറഞ്ഞു. 

അതിനിടെയാണ് ഈ പാതയിലെ ജീർണിച്ച കനാൽ പാലം നിലനിർത്തി തന്നെ പണി തുടരുന്നത് വാർഡ് മെമ്പർമാരുടെ ശ്രദ്ധയിൽപ്പെട്ടത്. വെങ്ങാനൂർ പഞ്ചായത്തിലെ നെല്ലിവിള, വെണ്ണിയൂർ, മാവുവിള എന്നീ വാർഡുകൾ ചേരുന്നിടത് ആണ് പാലം.  എഴുപത് വർഷത്തിലേറെ പഴക്കമുള്ള പാലം ജീർണ്ണാവസ്ഥയിലാണ്.  

നിലവിലെ എസ്റ്റിമേറ്റ് പ്രകാരം പുതിയപാലം ആണ് പറയുന്നതെങ്കിലും  കരാർ എടുത്തിരിക്കുന്നത് വ്യക്തി നിലവിലെ പാലം നിലനിറുത്തി ഇരുവശങ്ങളിലെ കൈവരികൾ പൊളിച്ചുമാറ്റി വീതി കൂട്ടാനുള്ള നടപടിയാണ് ചെയ്തത്. ഇത് മനസിലാക്കിയ നാട്ടുകാർ വാർഡ് മെമ്പർമാരെ വിവരം അറിയിക്കുകയും അവരുടെ ശക്തമായ എതിർപ്പിൽ പഴയ പാലം പൊളിച്ചു മാറ്റുകയും ചെയ്തു. 

എന്നാൽ പുതിയ പാലം നിർമ്മാണം ആരംഭിച്ചപ്പോൾ അതിൽ  കമ്പി, മെറ്റൽ, പാറപ്പൊടി, സിമന്റ് എന്നിവ കൃത്യമായി ഉപയോഗിച്ചിട്ടില്ല എന്ന് മനസ്സിലാക്കിയ നിർമ്മാണ തൊഴിലാളികളായ നാട്ടുകാർ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ എത്തി  പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിര്‍ത്തിവയ്പ്പിച്ചു.

മേലുദ്യോഗസ്ഥർ എത്തി നിലവിലെ നിർമാണത്തിലെ അപാകതകൾ കണ്ടെത്തി പരിഹരിച്ച ശേഷം റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചാൽ മതിയെന്ന നിലപാടിലാണ് നാട്ടുകാർ. കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട്  കൈമാറും.