സിനിമയില്‍ നിങ്ങള്‍ മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് കിറ്റയുടെ ചോദ്യം. 'ഉണ്ട് ഉണ്ട്, കണ്ടിട്ടുണ്ട്' എന്ന് ആവേശത്തോടെ ഉത്തരം പറഞ്ഞ കുഞ്ഞു കൂട്ടുകാരോട് കിറ്റി തിരുത്തി. അതൊന്നും മദ്യമല്ല. വെറും കട്ടന്‍ചായ...!
വയനാട്: വിദ്യാലയമുറ്റത്ത് കൂട്ടം കൂടിയ കുട്ടികള്‍ക്കിടയില്‍ ലഹരിക്കെതിരെയുള്ള സന്ദേശവുമായി തോളിലേറി കുഞ്ഞന്‍ കിറ്റിയെത്തി. കുട്ടികള്‍ക്കൊപ്പം ചിരിച്ചും ചിന്തിപ്പിച്ചും കിറ്റിക്ക് ഒരുദിനം വയനാട്ടില്‍ തിരക്കോട് തിരക്കായിരുന്നു. സിനിമയില്‍ നിങ്ങള്‍ മദ്യപിക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് കിറ്റയുടെ ചോദ്യം. 'ഉണ്ട് ഉണ്ട്, കണ്ടിട്ടുണ്ട്' എന്ന് ആവേശത്തോടെ ഉത്തരം പറഞ്ഞ കുഞ്ഞു കൂട്ടുകാരോട് കിറ്റി തിരുത്തി. അതൊന്നും മദ്യമല്ല. വെറും കട്ടന്‍ചായ...! ചുറ്റുപാടുമുള്ള ലഹരിയുടെ ലോകത്തെക്കുറിച്ച് കിറ്റി കുട്ടികളോട് വിശദീകരിച്ചു.
'ലഹരിയല്ല ജീവിതം; ജീവിതമാണ് ലഹരിയെന്ന് കുഞ്ഞന്‍ കിറ്റ കുട്ടികളോട് പറയുന്നു. വിദ്യാലയങ്ങളെയും കലാലയങ്ങളെയും നോട്ടമിടുന്ന ലഹരിയെന്ന വിപത്തിനെതിരെ ഗാന്ധിജയന്തി വാരത്തില്‍ വിദ്യാലയങ്ങളിലൂടെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച ഏകദിന ലഹരി വിരുദ്ധ ബോധവത്കരണ ക്യാമ്പെയിനാണ് കുട്ടികളുടെ കൈയ്യടി നേടിയത്. കുഞ്ഞന്‍ തലയും നീളന്‍ വാലുമായി അനയാസം കുട്ടികളോട് ഇടപെടുന്ന കിറ്റിയെന്ന കുരങ്ങന്‍ പാവയായിരുന്നു ക്യാമ്പയിനിലെ താരം. എഴുപത്തിയഞ്ചിലധികം വേറിട്ട വിഷയങ്ങളുമായി ദേശീയ അന്തര്‍ദേശീയ തലങ്ങളിലൊക്കെ ഇതിനകം സഞ്ചരിച്ച കിറ്റിക്ക് വിദ്യാലയങ്ങളിൽ ഊഷ്മളമായ വരവേല്‍പ്പായിരുന്നു. ഇരുപതിനായിരത്തോളം വേദികള്‍ പിന്നിട്ട കിറ്റി ഷോ കാഴ്ചക്കാരിലും കൗതുകമുണര്‍ത്തി.

കിറ്റിയുമായുള്ള വിനോദ് നരനാട്ടിന്റെ യാത്രയില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍, ജി.വി.എച്ച്.എസ് മുണ്ടേരി, എച്ച്.ഐ.എം. യു.പി വൈത്തിരി എന്നിവടങ്ങളിലെ ആയിരക്കണക്കിന് കുട്ടികളും ലഹരിക്കെതിരെയുള്ള സന്ദേശവാഹകരായി മാറി. പുതു തലമുറകളില്‍ മദ്യ മയക്കുമരുന്ന് ലഹരിക്കെതിരെ ചെറുത്ത് നില്‍പ്പ് സാധ്യമാക്കാന്‍ ലളിതവും രസകരവുമായിരുന്നു സന്ദേശ പ്രചാരണം. ചോദ്യങ്ങളും ഉത്തരങ്ങളുമായി കുട്ടികള്‍ കിറ്റിയുമായി എളുപ്പം ചങ്ങാത്തത്തിലായി. ഒപ്പം കിറ്റിയെ തൊട്ടറിയാനും കുട്ടികള്‍ തിരക്കുകൂട്ടി.

1987ല്‍ ഒരു മജിഷ്യനായി കലാജീവിതം തുടങ്ങിയ വിനോദ് നരനാട്ട് 1990 മുതലാണ് കിറ്റി എന്ന പേരുള്ള സംസാരിക്കുന്ന കുരങ്ങുപാവയുമായി സാമൂഹ്യ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്. ദേശീയ അന്തര്‍ദേശീയതലത്തിലും നിരവധി വേദികളില്‍ വിനോദ് ശ്രദ്ധേയനാണ്. ഇന്ത്യക്കുപുറത്ത് ഒമ്പത് രാജ്യങ്ങളിലും മൂന്നു ഇതര ഭാഷകളിലും കിറ്റി ഷോ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനകം നിരവധി പുരസ്‌കാരങ്ങളും നേടിയ വിനോദ് ലഹരിക്കെതിരെയും വ്യതസ്ത അവതരണവുമായാണ് ജില്ലയിലെത്തിയത്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.മുഹമ്മദ്, പ്രധാനാധ്യാപകര്‍, പി.ടി,എ ഭാരവാഹികള്‍ തുടങ്ങിയവര്‍ വിവിധ വിദ്യാലയങ്ങളില്‍ കിറ്റിഷോയ്ക്ക് നേതൃത്വം നല്‍കി. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഹരി മുക്തി നാടിന് ശക്തി കൈപ്പുസ്തകവും വിദ്യാലയങ്ങളില്‍ വിതരണം ചെയ്തു.

