വിദ്യാർത്ഥികൾക്ക് നേരെ അക്രമം; വടിവാൾ വീശി, മർദ്ദനം, ബസിന്‍റെ ചില്ല് തകര്‍ത്തു; പ്രതികൾക്കായി തെരച്ചിൽ ഊർജിതം
നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ

പാലക്കാട്: പാലക്കാട് തൃത്താല ആറങ്ങോട്ടുകരയിൽ വിദ്യാർത്ഥികളുടെ വിനോദയാത്ര സംഘത്തിന് നേരെ ആക്രമണം. കുറ്റിപ്പുറം കെഎംസിടി എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ആക്രമണമേറ്റത്. വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതാണ് അക്രമികളെ പ്രകോപിപ്പിച്ചത്. മർദ്ദിക്കുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
നെല്ലിയാമ്പതിയിൽ നിന്നും വിനോദയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്നു കുറ്റിപ്പുറം കെഎംസിറ്റി എൻജിനീയറിങ് കോളേജിലെ വിദ്യാർഥികൾ. ആറങ്ങോട്ടുകരയിൽ അധ്യാപകനെ ഇറക്കാനായി ബസ് നിർത്തി. ഈ സമയത്ത് ബസിൽ ഉണ്ടായിരുന്ന വിദ്യാർത്ഥിനികളോട് ബൈക്കിൽ എത്തിയ സംഘം മോശമായി പെരുമാറി. ഇവരെ സഹപാഠികൾ ചോദ്യം ചെയ്തപ്പോഴാണ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചത്. മർദ്ദനത്തിൽ അധ്യാപകർക്കും പരിക്കെറ്റു. ബസ്സിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും അക്രമികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വിദ്യാർത്ഥികളെ പട്ടാമ്പിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചാലിശ്ശേരി പോലീസ് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.