അക്രമത്തിൽ വീൽചെയർ അടക്കമുളള ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചില്ലുകൽ തല്ലിതകർക്കുകയും ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപെടുത്തി ഭീകാരാന്തരീക്ഷം സൃഷ്ടി

ആലപ്പുഴ: ചേർത്തല താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ മൂന്നുപേർ ചേർന്ന് നടത്തിയ അക്രമത്തിൽ ഒരാളെ പൊലീസ് പിടികൂടി. ഞായറാഴ്ച രാത്രി 11.30 ന് ആയിരുന്നു സംഭവം. പട്ടണക്കാടുണ്ടായ അടിപിടിക്കേസിൽ ചികിത്സതേടിയെത്തിയവരെ ലക്ഷ്യമിട്ടെത്തിയ മൂന്നംസംഘമാണ് അക്രമം നടത്തിയത്. അക്രമത്തിൽ വീൽചെയർ അടക്കമുളള ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും ചില്ലുകൽ തല്ലിതകർക്കുകയും ചെയ്തു. 

ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെയും ജീവനക്കാരെയും ഭീഷണിപെടുത്തി ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. ജീവനക്കാരറിയിച്ചതിനെ തുടർന്നാണ് പൊലീസെത്തി അക്രമികളിലൊരാളെ പിടികൂടിയത്. മറ്റു രണ്ടു പേർക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. അന്ധകാരനഴി കാട്ടുങ്കൽതയ്യിൽ സിബിൻ(34)ആണ് പിടിയിലായത്. പൊതുമുതൽ നശിപ്പിച്ചതിനും ജീവനക്കാരെ കയ്യേറ്റം ചെയ്തതിനും അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 

പ്രശ്നത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം തടസ്സപെട്ടു. ഞായറാഴ്ച ഉച്ചക്കും വൈകിട്ടുമായുണ്ടായ അടിപിടിയിൽ പരിക്കേറ്റു ചികിത്സ തേടിയെത്തിയ പട്ടണക്കാട് അന്ധകാരനഴി സ്വദേശികളായ ജീൻ ആന്റണി(38) ജസ്റ്റിൻതോമസ്(49)എന്നിവരെ തേടിയാണ് സംഘമെത്തിയത്. ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ച ആശുപത്രിവളപ്പിൽ പി. ആർ. ഒ രാജീവ് മുരളിക്കുനേരെയും അക്രമുണ്ടായി. ഏതാനും പേർ ഭീഷണിപെടുത്തി കൈകൾ പിടിച്ചു തിരിക്കുകയായിരുന്നു. ജീവനക്കാരും ഡോക്ടർമാരുമെത്തിയപ്പോഴാണ് സംഘം പിൻവലിഞ്ഞത്. 

ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കാത്തതാണ് അക്രമത്തിനു കാരണമെന്ന വിമർശനം ഉയർന്നിട്ടുണ്ട്. ആശുപത്രിയിൽ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു തടസ്സമാകുന്നതായും ജീവക്കാർക്കു നിർഭയമായി ജോലിചെയ്യാനുള്ള സാഹചര്യം ഇല്ലാതായതായും സ്റ്റാഫ് കൗൺസിൽ ആരോപിച്ചു. അത്യാഹിത വിഭാഗത്തിലുണ്ടായ അക്രമത്തിലും വനിതാ ഡോക്ടറടക്കമുള്ള ജീവനക്കാരെ ഭീഷണിപെടുത്തിയതിലും പ്രതിഷേധിച്ച് ജീവനക്കാർ ധർണ നടത്തി. 

തുടർച്ചയായ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ പൊലീസ് സാന്നിദ്ധ്യം ഉണ്ടാകണമെന്നും പരിശീലനം ലഭിച്ച പുതിയ സുരക്ഷാ ജീവനക്കാരെ നിയോഗിച്ചുകൊണ്ട് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കണമെന്നും അത്യാഹിത രോഗികൾക്ക് മുൻഗണന നൽകിക്കൊണ്ടുള്ള ട്രയാജ് സംവിധാനം ഏർപ്പെടുത്തിക്കൊണ്ട് അത്യാഹിത വിഭാഗത്തിലെ തിരക്ക് നിയന്ത്രിക്കണമെന്നും സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.