ജീവിതത്തിലെ ഏറ്റവും മനോഹരങ്ങളായ ദിവസമാണ് വിവാഹദിനം. ഇങ്ങനെയൊരു വാചകം ഇപ്പോൾ പറഞ്ഞാൽ ഒരുപക്ഷേ ആരും അം​ഗീകരിച്ചു എന്നുവരില്ല. ഒരാൾക്ക് 'എങ്ങനെ പണികൊടുക്കാ'മെന്ന് ചിന്തിക്കുന്ന ദിനമായി ഇപ്പോഴത്തെ വിവാഹവേദികൾ മാറുന്നുണ്ട്. പ്രത്യേകിച്ച് 'ചില ന്യൂ ജെൻ' വിവാഹങ്ങൾ. പലപ്പോഴും ഇവ പണി കൊടുക്കുന്നവർക്കൊഴികെ അരോചകമായി മാറാറുണ്ട് എന്നതാണ് സത്യം. അത്തരമൊരു കല്യാണ വീഡിയോയിലെ രം​ഗങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

സുഹൃത്തുക്കളുടെ റാം​ഗിം​ഗ് താങ്ങാൻ കഴിയാതെ ഭക്ഷണം വലിച്ചെറിഞ്ഞ് എഴുന്നേറ്റ് പോകുന്ന വരനാണ് ഈ വീഡിയോയിലെ നായകൻ. നീളമേറിയ വലിയ ഇലയിലാണ് വരനും വധുവിനും സദ്യ വിളമ്പിയത്. പതിവുപോലെ സുഹൃത്തുക്കൾ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ വരൻ‌ ഇതിനൊന്നും ചെവി കൊടുക്കാതെ ചിരിച്ചു കൊണ്ടിരിക്കുകയാണ്. ഇലയിൽ വിളമ്പിയ ചോറ് വധു തന്റെ അരികിലേക്ക് മാറ്റി വയ്ക്കുമ്പോഴും വരൻ ചിരിക്കുന്നുണ്ട്. എന്നാൽ വളരെപ്പെട്ടെന്നാണ് വരന്റെ സ്വഭാവം മാറുന്നത്. ചോറുൾപ്പെടെ മേശ തട്ടി മറിച്ച് ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകുന്ന വരനെയാണ് പിന്നീട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 

വീഡിയോ വൈറലായി പ്രചരിക്കുമ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. തമാശയായി കണ്ടുകൂടെ എന്ന് ഒരു വിഭാ​ഗം ചോദിക്കുമ്പോൾ വരൻ ഭക്ഷണം തട്ടിക്കളഞ്ഞതിന് രൂക്ഷവിമർശനമാണുയരുന്നത്. ചോറ് തന്റെ അരികിലേക്ക് മാറ്റി വയ്ക്കാതെ ഒന്നിച്ച് കഴിക്കാമെന്ന് പറഞ്ഞിരുന്നെങ്കിൽ വരൻ ദേഷ്യപ്പെട്ട് എഴുന്നേറ്റ് പോകില്ലായിരുന്നു എന്ന് പറയുന്നു ഒരു കൂട്ടർ. കല്യാണവേദികൾ ഇത്തരത്തിൽ കുളമാക്കുന്ന ഒരു സുഹൃത്തുക്കളെക്കുറിച്ചാണ് മറ്റൊരു വിഭാ​ഗം ആളുകൾ വിമർശിക്കുന്നത്. വധൂവരൻമാരുടെ വീട്ടുകാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അവർ പറയുന്നത്. 

ന്യൂജെൻ വിവാഹങ്ങൾക്ക് പലതരം പുതുമകൾ അവകാശപ്പെടാനുണ്ട്. വെറൈറ്റിക്ക് വേണ്ടി വരൻ ശവപ്പെട്ടിയിൽ കിടന്ന് പന്തലിലെത്തിയത് കഴിഞ്ഞ മാസമാണ്. ഇത് കണ്ട ബന്ധുവിനെ നെഞ്ചുവേദനയുമായി ആശുപത്രിയിൽ കൊണ്ടുപോകേണ്ടി വന്നു. വധുവിന്റെ മുന്നിൽ‌ ആടുതോമയായി മുണ്ടുരിഞ്ഞ വരന്റെ വീഡിയോയും സൈബർ ലോകത്ത് ചർച്ചയ്ക്ക് വഴി തെളിച്ചിരുന്നു. വൈറലാകാനുള്ള ഇത്തരം ശ്രമങ്ങൾ വിവാഹദിനത്തിലെങ്കിലും ഒഴിവാക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായം.