ഒടിഞ്ഞ കയ്യുമായി ഓടി വിശാൽ നേടിയത് സ്വർണം. കലവൂരിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ 400 മീറ്റർ ഓട്ടത്തിലാണ് തുറവൂർ നെടുമ്പള്ളിൽ വീട്ടിൽ വിശാൽ ഒന്നാം സ്ഥാനം നേടിയത്. 

കലവൂർ: ഒടിഞ്ഞ കയ്യുമായി ഓടി വിശാൽ നേടിയത് സ്വർണം. കലവൂരിൽ നടക്കുന്ന ജില്ലാ കേരളോത്സവത്തിൽ 400 മീറ്റർ ഓട്ടത്തിലാണ് തുറവൂർ നെടുമ്പള്ളിൽ വീട്ടിൽ വിശാൽ ഒന്നാം സ്ഥാനം നേടിയത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനെ പ്രതിനിധീകരിച്ചെത്തിയതായിരുന്നു വിശാൽ. ക്രിക്കറ്റ് പരിശീലനത്തിനിടെ വീണാണ് വലതു കൈ ഒടിഞ്ഞത്. 

100 മീറ്റർ ഓട്ടത്തിൽ മൂന്നാം സ്ഥാനം നേടിയ വിശാൽ 400 മീറ്റർ റിലേയിലും പങ്കെടുത്തു. സ്കൂൾ തലം മുതൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. ചേർത്തല എൻഎസ്എസ് കോളജിലെ ബികോം അവസാനവർഷ വിദ്യാർഥിയാണ്. കായികാധ്യാപകൻ തിലകന്റെ കീഴിലാണ് പരിശീലനം.

Read more: മാൻഡസ് ചുഴലിക്കാറ്റ്, സംസ്ഥാനത്ത് മഴ ശക്തം; പലയിടത്തും വെള്ളക്കെട്ട്; 11 ജില്ലകളിൽ യെല്ലോ അലർട്ട്

വേലിയേറ്റത്തെ തുടർന്ന് പാടശേഖരത്തിന്റെ മോട്ടർത്തറയിലെ പെട്ടിയുടെ അടിത്തട്ട് ഒലിച്ചു പോയി

എടത്വ: വേലിയേറ്റത്തെ തുടർന്ന് വിതകഴിഞ്ഞ് 10 ദിവസമായ ചെറുതന പഞ്ചായത്ത് രണ്ടാം വാർഡ് നടുവിലേപ്പോച്ച വടക്ക് പാടശേഖരത്തിന്റെ മോട്ടർത്തറയിലെ പെട്ടിയുടെ അടിത്തട്ട് ഒലിച്ചു പോയി. പാടശേഖരത്ത് വെള്ളം കയറി. 100 ഏക്കറോളം വരുന്ന പാടശേഖരമാണിത്. കർഷകർ അടിത്തട്ട് പുനർനിർമിക്കാനുള്ള ശ്രമം നടത്തിവരുകയാണ്. 

ഇതിനായി ഒന്നരലക്ഷത്തോളം രൂപയുടെ അധിക ചെലവാണ് കർഷകർക്ക് ഉണ്ടായത്. വെള്ളംകയറി ഞാറ് വെള്ളത്തിലായതിനെ തുടർന്ന് സമീപത്തെ പാടശേഖരമായ പോച്ച 400 പാടശേഖരത്തേക്ക് തുറന്നു വിട്ട് വെള്ളം വറ്റിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ആ പാടശേഖരത്തിന്റെ മോട്ടർ ഉപയോഗിച്ച് വെള്ളം വറ്റിക്കാൻ ശ്രമിച്ചപ്പോൾ മർദം കൂടി ആ മോട്ടറും കേടായി. 

ഇപ്പോൾ രണ്ടു പാടശേഖരവും പ്രതിസന്ധിയിലാണ്. രണ്ടു പാടശേഖരത്തും എത്താൻ പോലും കഴിയാത്ത അവസ്ഥയാണ്. കൂടുതൽ ഭാഗവും ചെറുതന പഞ്ചായത്ത് വക ചിറയാണ്. പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് നിർമിച്ചാൽ മാത്രമേ കൃഷി പോലും മുന്നോട്ടു പോകുകയുള്ളൂ എന്ന് സെക്രട്ടറി ജോർജുകുട്ടി തെക്കേകടുമത്തിൽ പറഞ്ഞു