വിഷു സ്പെഷ്യൽ മെട്രോ മഹിളാ മാർക്കറ്റ് മേള 11,12,13 തീയതികളിൽ ഇടപ്പിള്ളി മെട്രോ സ്റ്റേഷനിൽ

കൊച്ചി: മെട്രോ സ്റ്റേഷനിൽ ഉത്പന്നങ്ങൾ വിൽക്കുന്നതിന് ചെറുകിട വനിതാ സംരംഭകർക്കും ഭിന്നശേഷിയുള്ളവർക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവസരം. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടത്താൻ ഉദ്ദേശിക്കുന്ന വിഷു സ്പെഷ്യൽ മെട്രോ മഹിളാ മാർക്കറ്റിൽ ഭാഗമാകാം. ഏപ്രിൽ 11,12,13 തീയതികളിൽ നടക്കുന്ന മെട്രോ മഹിളാ മാർക്കറ്റിന് നേതൃത്വം നൽകുക ഭിന്നശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്മൃതി സ്കൂൾ ആണ്. 

വിഷുവിന് വീടുകളിലേക്ക് ആവശ്യമായ ഉത്പന്നങ്ങളെല്ലാം തന്നെ മെട്രോ മഹിളാ മാർക്കറ്റിൽ ലഭിക്കും. മെട്രോ മഹിളാ മാർക്കറ്റിൽ പങ്കാളികളാകാൻ താത്പര്യമുള്ള സംരഭകർക്ക് 9400210779 എന്ന നമ്പറിൽ ബന്ധപ്പെടാം. വൈറ്റില മെട്രോ സ്റ്റേഷനിൽ നടന്ന ആദ്യ മെട്രോ മഹിളാ മാർക്കറ്റിന് ലഭിച്ച മികച്ച പ്രതികരണമാണ് മറ്റ് സ്റ്റേഷനുകളിലേക്കും ഇവ വ്യാപിപ്പിക്കാൻ വഴിയൊരുക്കിയത്.

Read more: എൻപിഎസ് വരിക്കാർക്ക് നിക്ഷേപതുക പിൻവലിക്കുന്നതിന് പുതിയ നിയമങ്ങൾ

അതേസമയം, കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കെ എം ആർ എൽ ജനപ്രതിനിധികളുമായി അവലോകന യോഗം ചേർന്നു. മെട്രോ അലൈൻമെന്റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കാൻ ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിനായിരുന്നു യോഗം. മെട്രോ ഉദ്യോഗസ്ഥരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തയ്യാറാക്കിയ ബദൽ റൂട്ടുകളുടെ പട്ടിക ജനപ്രതിനിധികൾക്ക് കൈമാറി. ബദൽ റൂട്ടുകൾ സൂചിപ്പിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കണമെന്നും വഴിയിൽ ട്രാഫിക് വാർഡൻമാരെ നിയോഗിക്കണമെന്നും ജനപ്രതിനിധികൾ നിർദ്ദേശിച്ചു.