കല്‍പ്പറ്റ: മുണ്ടക്കൈ സീതമ്മക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള സന്ദര്‍ശനം മേപ്പാടി ഗ്രാമപഞ്ചായത്ത് വിലക്കി. വെള്ളച്ചാട്ടം കാണാനെത്തിയ സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം പാറയിടുക്കില്‍ വീണ് മരിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെയാണ് പ്രവേശനം നിരോധിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തീരുമാനിച്ചത്. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. ഷൈജ അറിയിച്ചു. 

മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാതെയിരുന്നിട്ട് കൂടി നൂറുകണക്കിനാളുകളാണ് ദിവസവും വെള്ളച്ചാട്ടം കാണാന്‍ എത്തിയിരുന്നത്. നിലവില്‍ പഞ്ചായത്ത് സ്ഥാപിച്ച ചെറിയ ഒരു സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡ് മാത്രമാണ് ഇവിടെയുള്ളത്. ചെമ്പ്രാപീക്കും സൂചിപ്പാറയും അടച്ചതോടെ ഇവിടേക്ക് സഞ്ചാരികളുടെ വരവ് വര്‍ധിച്ചിരുന്നു. യുവാക്കളടക്കം മിക്കവരും പുഴയില്‍ ഇറങ്ങി കുളിക്കുന്നത് പതിവാണ്. എന്നാല്‍ നീന്തലറിയുന്നവര്‍ പോലും അപകടത്തില്‍പ്പെടാറുണ്ടെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. 

അനധികൃത ടൂറിസം കേന്ദ്രമായതിനാല്‍ ഇവിടേക്കെത്തുന്ന സഞ്ചാരികളെ നിയന്ത്രിക്കാന്‍ പഞ്ചായത്ത് ശ്രമിച്ചിരുന്നില്ല. പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മതിയായ സുരക്ഷ ഒരുക്കുന്നത് വരെ കേന്ദ്രം അടച്ചിടാനാണ് തീരുമാനം. 

സീതമ്മക്കുണ്ട് വെള്ളച്ചാട്ടം 'മരണക്കയം'; അധികൃതര്‍ കനിഞ്ഞില്ലെങ്കിലും ഇനിയൊരു ജീവന്‍ പൊലിയാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍