Asianet News MalayalamAsianet News Malayalam

ഓണ്‍ലൈന്‍ ക്ലാസ് ഈ ടീച്ചര്‍ക്ക് വെല്ലുവിളിയല്ല; ശ്രീരേഖയ്ക്ക് തുണയാവുന്നത് അകക്കണ്ണിന്‍റെ വെളിച്ചം

സാധാരണ വിദ്യാർഥികൾക്കൊപ്പം തന്നെ പഠിച്ച്, നോട്ടുകളെല്ലാം ബ്രെയിൻ ലിപിയിൽ എഴുതിയും കൂട്ടുകാരും വീട്ടുകാരും വായിച്ചുകൊടുക്കുന്നത് കേട്ടു പഠിച്ചുമായിരുന്നു ശ്രീരേഖയുടെ പഠനം

visually impaired teacher sreerekha takes online class as simple as normal class
Author
Cherthala, First Published Sep 5, 2020, 8:14 AM IST

ചേർത്തല: അകക്കണ്ണിന്റെ കാഴ്ചയിലും ഓൺലൈൻ വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്ചയില്ലാത്ത ക്ലാസ് നയിച്ച്  ശ്രീരേഖ  രാധാകൃഷ്ണനായ്ക്. ജൻമനാ കാഴ്ചശക്തി ഇല്ലാത്ത 
ശ്രീരേഖ ചേർത്തല ഗവ.ഗേൾസ് എച്ച്എസ്എസിലെ 5–ാം ക്ലാസ് അധ്യാപികയാണ്. സാധാരണരീതിയിലെ അധ്യാപനവും ഇപ്പോൾ ഓൺലൈൻ അധ്യാപനവും സിംപിളായി തന്നെ കൈകാര്യം ചെയ്യുകയാണ് ശ്രീരേഖ.

തൃപ്പൂണിത്തുറ എളമന കുറ്റിക്കാട്ട് രാധാകൃഷ്ണനായ്ക്കിന്റെ ഭാര്യയും ചേർത്തല രേഖാലയത്തിൽ രാമനാഥപൈയുടെയും ലളിതാഭായുടെയും മകളുമാണ് ശ്രീരേഖ.
ഞരമ്പിന്റെ തകരാറ് മൂലമാണ് ജൻമനാലെ കാഴ്ച ശക്തി ഇല്ലാതായത്. കാഞ്ഞിരപ്പള്ളി സ്പെഷൽ സ്കൂളിൽ 7 വരെ പഠിച്ച ശേഷം അവിടെത്തന്നെ സാധാരണ സ്കൂളിലാണ് ശ്രീരേഖ 10–ാം ക്ലാസും പൂർത്തിയാക്കിയത്.

10–ാം ക്ലാസിലെ മാർക്ക് കുറവ് മൂലം വിഷമിച്ച ശ്രീരേഖയ്ക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളജിലെ പ്രീഡിഗ്രി അധ്യാപിക വി.എ.മേരിക്കുട്ടിയാണ് പ്രചോദനമായത്. എനിക്കും നേടണം എന്ന വാശിയിൽ നടത്തിയ പഠനത്തില്‍ പ്രീഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ് നേടി ശ്രീരേഖ. എസ്എൻ കോളജിൽ ബിരുദത്തിനും ആര്യാട് കോളജിൽ ബിഎഡിനും മികച്ച വിജയമായിരുന്നു. എല്ലാം സാധാരണ വിദ്യാർഥികൾക്കൊപ്പം തന്നെ പഠിച്ച്, നോട്ടുകളെല്ലാം ബ്രെയിൻ ലിപിയിൽ എഴുതിയും കൂട്ടുകാരും വീട്ടുകാരും വായിച്ചുകൊടുക്കുന്നത് കേട്ടു പഠിച്ചുമാണ് വിജയം നേടിയത്. കോളജുകളിലേക്കുള്ള യാത്രയ്ക്ക് രക്ഷിതാക്കളും സുഹൃത്തുക്കളും ഏറെ സഹായിച്ചു.

2007ൽ സർക്കാർ സർവീസിൽ കയറിയ ശ്രീരേഖ തണ്ണീർമുക്കം,വെള്ളിയാകുളം ഗവ. സ്കൂളുകളിലും2009 മുതൽ ചേർത്തല ഗവ.ഗേൾസ് സ്കൂളിലും ജോലി ചെയ്യുകയാണ്.പാഠപുസ്തകങ്ങൾ ബ്രെയിൻ ലിപിയിലേക്കു മാറ്റിയാണ് ക്ലാസുകൾ എടുക്കുന്നതും നോട്സ് പറഞ്ഞു കൊടുക്കുന്നതും.ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസമായതോടെ വിക്ടേഴ്സ് ചാനൽ ‘കണ്ടശേഷം’ ക്ലാസുകളുടെ വാട്സപ് ഗ്രൂപ്പിൽ ശബ്ദ സന്ദേശത്തിലൂടെയാണ് ക്ലാസ് വിശദീകരിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്യുന്നത്.സ്കൂളിൽപോയി പുതിയ വിദ്യാർഥികളുമായി അടുക്കാൻ പറ്റിയില്ലെങ്കിലും ശബ്ദത്തിലൂടെ എല്ലാവരെയും മനസിലാക്കി മുന്നേറുകയാണ് ശ്രീരേഖ. കുടുംബവും വിദ്യാർഥികളും രക്ഷിതാക്കളും സഹപ്രവർത്തകരുമെല്ലാം വലിയ പിന്തുണയോടെയും അഭിമാനത്തോടെയുമാണ് ശ്രീരേഖ ടീച്ചറെ സമീപിക്കുന്നത്.


 

Follow Us:
Download App:
  • android
  • ios