തൃശ്ശൂര്‍: വിയ്യൂര്‍ സെൻട്രല്‍ ജയിലില്‍ നിന്നുളള രുചിയേറിയ ബിരിയാണി ഇനി ഓണ്‍ലൈനിലും ലഭ്യമാകും. ബിരിയാണിക്കൊപ്പം പൊരിച്ച കോഴിയും കോഴിക്കറിയും ചപ്പാത്തിയും അടങ്ങുന്ന 'ഫ്രീഡം കോമ്പോ' പാക്കറ്റിന് 127 രൂപയാണ് വില. വ്യാഴാഴ്ച മുതല്‍ ഭക്ഷണം ഓണ്‍ലൈന്‍ വഴി ലഭിച്ച് തുടങ്ങും.

കശുവണ്ടിയും ഉണക്കമുന്തിരിയും യഥേഷ്ടം കോരിയിട്ട 300 ഗ്രാം ബിരിയാണി. ഒപ്പം പൊരിച്ച കോഴിക്കാല്‍, കോഴിക്കറി, സലാഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പി വെള്ളം. ബിരിയാണി കഴിച്ച് വയറു നിറയുമ്പോള്‍ മധുരത്തിനായി ഒരു കപ്പ് കേക്കും 'ഫ്രീഡം കോംബോ' ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. ജയില്‍ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലോ ഫ്രീഡം കോമ്പോ കിട്ടില്ല. ഓണ്‍ലൈൻ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ.

 

തുടക്കത്തില്‍ ആറ് കിലോമീറ്റര്‍ പരിധിയിലുളളവര്‍ക്കാണ് ഭക്ഷണം ലഭിക്കുക. ജയിലില്‍ ഉണ്ടാക്കുന്ന ചപ്പാത്തിക്കും മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കും വൻ ഡിമാൻഡായതിന്‍റെ ചുവട് പിടിച്ചാണ് ഓണ്‍ലൈൻ വഴിയും ഭക്ഷണമെത്തിക്കാൻ ജയില്‍ അധികൃതര്‍ തീരുമാനിച്ചത്. രാജ്യത്തെ ജയിലുകളില്‍ ഇതാദ്യമായാണ് ഇത്തരമൊരു സംരംഭം എന്നാണ് അധികൃതര്‍ പറയുന്നത്.