സീസൺ അവസാനിച്ചെങ്കിലും ഇന്നലെ അഭൂതപൂർവ്വ തിരക്കായിരുന്നു അനുഭവപ്പെട്ടത്
തിരുവനന്തപുരം: വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് രാത്രിയിലും വൻ തിരക്ക്. ഓണഅവധി ആഘോഷിക്കാൻ കുടുംബത്തോടെ എത്തിയവർ വിഴിഞ്ഞത്ത് വൻതോതിൽ മീൻ എത്തിയതറിഞ്ഞ് എത്തുകയായിരുന്നു. ഇവിടെ എത്തിയവരെല്ലാം കൈ നിറയെ മീനുമായാണ് തിരികെ പോയത്.
കടലിൽ പോയി മടങ്ങിയ വള്ളങ്ങളിലെല്ലാം നിറയെ കൊഴിയാളയും കണവയുമായിരുന്നു. സീസൺ അവസാനിച്ചെങ്കിലും ഇന്നലെ അഭൂതപൂർവ്വ തിരക്കായിരുന്നു അനുഭവപ്പെട്ടത്. രാത്രി ഏഴു മണിയോടെയായിട്ടും തീരത്ത് തിരക്ക് ഒഴിഞ്ഞിരുന്നില്ല.
നഗരത്തിൽ ഓണാഘോഷമില്ലാത്തതിനാൽ അവധി ആഘോഷിക്കാൻ കോവളത്തേക്ക് എത്തിയവരാണ് വിഴിഞ്ഞതേക്ക് വന്നത്. ഇന്നലെ വരുന്ന വള്ളങ്ങളിലെല്ലാം മീൻ ലഭിക്കുന്നതറിഞ്ഞ് സന്ദർശകർ സന്ധ്യകഴിഞ്ഞും തീരത്തേക്ക് വന്നു തുടങ്ങിയതോടെ രാത്രി മുഴുവൻ ഇവിടെ ജനതിരക്കായിരുന്നു.
