തിരുവനന്തപുരത്ത് വിഴിഞ്ഞം തീരത്ത് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി. വെളിച്ചം കൂടിയ ലൈറ്റുകൾ ഉപയോഗിച്ചതിനും മതിയായ സുരക്ഷാ ഉപകരണങ്ങൾ ഇല്ലാത്തതിനും 'ജെജെ മറൈൻ -1' എന്ന ബോട്ടിനെതിരെയാണ് നടപടി. 

തിരുവനന്തപുരം: വെളിച്ചം കൂടിയ ലൈറ്റുകൾ‌ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനായി കടലിൽ കറങ്ങിയ ബോട്ട് പിടികൂടി. 'ഐഎൻഡി കെഎൽ-2, എംഎം-3920 "ജെജെ മറൈൻ -1 എന്ന ബോട്ടാണ് കസ്റ്റഡിയിൽ എടുത്തത്. വിഴിഞ്ഞം അസിസ്റ്റന്‍റ് ഡയറക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ഷിഹാസും സംഘവും ചേർന്ന് നടത്തിയ പട്രോളിംഗിനിടയിലാണ് മതിയായ രക്ഷാ ഉപകരണങ്ങൾ ഇല്ലാതെ ബോട്ട് കണ്ടെത്തിയത്.

പവര്‍ ലൈറ്റുകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനുള്ള സംവിധാനങ്ങളും ബോട്ടിലുണ്ടായിരുന്നു. ഇത് നിരോധിച്ചിരിക്കുന്നതിനാൽ ബോട്ടിലുണ്ടായിരുന്നവരെ കരയിൽ ഇറക്കി തുടർ നടപടികൾക്കായി ബോട്ട് വിഴിഞ്ഞം ഹാർബറിലേക്ക് മാറ്റിയതായി ഫിഷറീസ് ഇൻസ്പെക്ടർ അറിയിച്ചു.

പിടികൂടിയ വള്ളങ്ങളുടെ ഉടമകൾക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം നടപടി സ്വീകരിക്കും. കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുന്നതിന്‍റെ ഭാഗമായി പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.