തിരുവനന്തപുരം: മത്സ്യതൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് ഒരുമാസത്തിലേറെയായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണ മേഖല വീണ്ടും സജീവമായി. പുലിമുട്ട് നിര്‍മ്മാണത്തിനാവശ്യമായ കല്ലിന്റെ വരവും തുടങ്ങി. കൊല്ലം ജില്ലയിലെ കുമ്പിളില്‍ നിന്ന് ഇന്നലെ 14 ട്രക്കുകളിലാണ് കല്ലെത്തിച്ചത്.

തമിഴ്നാട്ടിലെ വിവിധ ക്വാറികളില്‍ നിന്നുള്ള ട്രക്കുകളും കല്ലുകളുമായി ഇന്നുമുതല്‍ തുറമുഖത്ത് എത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സമരം നീണ്ടതുകാരണം നിര്‍മ്മാണ കമ്പനികളുടെ തൊഴിലാളികളില്‍ കുറച്ച് പേര്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇവരെ തിരികെ എത്തിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. 

തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പദ്ധതി പ്രദേശത്തെ പുലിമുട്ട് നിര്‍മ്മാണ സ്ഥലത്തേക്ക് കല്ലുകളുമായി പോകുന്ന വാഹനങ്ങളടക്കം തടഞ്ഞിട്ട് സമരം തുടങ്ങിയത്. മന്ത്രിമാര്‍ ചര്‍ച്ച നടത്തി നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് ഞായറാഴ്ച്ച വൈകിട്ടോടെയാണ് സമരമവസാനിപ്പിച്ചത്. ഇതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്  വീണ്ടും ജീവന്‍ വെക്കുന്നത്. 3.1 കിലോമീറ്റര്‍ ദൂരത്തില്‍ നടത്തുന്ന പുലിമുട്ടാണ് ആദ്യം നിര്‍മ്മിക്കുന്നത്. ഇതില്‍ ഏകദേശം 800 മീറ്ററാണ് ഇതുവരെ പൂര്‍ത്തിയായത്.