വണ്ടൂരിലെ ജ്വല്ലറിയുടെ ഭിത്തി തുരന്ന് 19 ലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങൾ കവർന്ന കുപ്രസിദ്ധ മോഷ്ടാവ് 'എരുമാട് ജോസ്' എന്ന ജോസ് മാത്യു അറസ്റ്റിലായി. എഴുപതോളം കേസുകളിൽ പ്രതിയായ ഇയാളെ, കൊച്ചിയിൽ മറ്റൊരു മോഷണത്തിന് പദ്ധതിയിടുന്നതിനിടെ കളമശേരിയിൽ വെച്ചാണ് പോലീസ് സാഹസികമായി പിടികൂടിയത്.
മലപ്പുറം: വണ്ടൂര്‍ ടൗണിലെ ജ്വല്ലറിയുടെ പുറകു വശത്തെ ഭിത്തി തുരന്ന് 19 ലക്ഷം രൂപയോളം വിലവരുന്ന വെള്ളി ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ കുപ്രസിദ്ധ അന്തര്‍സംസ്ഥാന മോഷ്ടാവ് ഗൂഡലൂര്‍ എരുമാട് സ്വദേശി ജോസ് മാത്യു (56 എരുമാട് ജോസ്) അറസ്റ്റില്‍. കളമശേരിയില്‍ വെച്ചാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.കഴിഞ്ഞ മേയ് 20-ന് വണ്ടൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 'തരംഗിണി സില്‍വര്‍ ജ്വല്ലറി'യിലാണ് ഇയാള്‍ വന്‍ കവര്‍ച്ച നടത്തിയത്. പ്രതി കളമശേരിയിലുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വണ്ടൂര്‍ പോലീസ് അവിടെയെത്തി വലയിലാക്കുകയായിരുന്നു. പിടികൂടുമ്പോള്‍ ഇയാളില്‍ നിന്ന് മോഷണത്തിന് ഉപയോഗിക്കുന്ന ഒട്ടേറെ മാരകായുധങ്ങളും കണ്ടെടുത്തു.
കൊച്ചി കേന്ദ്രീകരിച്ച് മറ്റൊരു വന്‍ മോഷണത്തിന് പദ്ധതി തയ്യാറാക്കി വരികയായിരുന്നു പ്രതി സമ്മതിച്ചിട്ടുണ്ട്. കസ്റ്റഡിയില്‍ വാങ്ങുന്ന പ്രതിയെ മോഷണമുതല്‍ വിറ്റഴിച്ച തമിഴ്നാട്ടിലെ സേലത്തുള്ള വിവിധ കടകളിലെത്തിച്ച് വരും ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തും. പതിനഞ്ചാം വയസ്സില്‍ വീട്ടില്‍ നിന്ന് പിണങ്ങിയിറങ്ങിയ ജോസ് മാത്യു, വയനാട് പുല്‍പ്പള്ളിയില്‍ വീട്ടുജോലി ചെയ്യുന്നതിനിടെ പതിനെട്ടാം വയസ്സില്‍ ചെറിയൊരു മോഷണക്കേസില്‍ പെട്ട് വൈത്തിരി ജയിലിലായി. ജയിലില്‍ വെച്ച് കുപ്രസിദ്ധ മോഷ്ടാവ് വാകേരി മോഹനുമായി പരിചയപ്പെട്ടതോടെയാണ് ഇയാള്‍ വലിയ മോഷണങ്ങളിലേക്ക് തിരിഞ്ഞത്.
2002-ല്‍ വയനാട്ടിലെ കുപ്രസിദ്ധരായ നാസര്‍, കിംഗ് സലാം എന്നിവര്‍ക്കൊപ്പം താമരശ്ശേരിയിലെ ധനകാര്യ സ്ഥാപനത്തിന്റെ ചുമര്‍ തുരന്ന് 7 കിലോ സ്വര്‍ണ്ണവും, 2003-ല്‍ കോഴിക്കോട് നടക്കാവിലെ സ്ഥാപനത്തില്‍ നിന്ന് 3 കിലോ സ്വര്‍ണ്ണവും കവര്‍ന്നത് ഇയാളുടെ നേതൃത്വത്തിലായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലായി എഴുപതോളം മോഷണക്കേസുകളില്‍ പ്രതിയാണ് ജോസ്.മോഷണം നടത്തി ലഭിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും അന്യസംസ്ഥാനങ്ങളില്‍ വിറ്റ്, ആ പണം ഉപയോഗിച്ച് ആഡംബര ഫ്‌ലാറ്റുകളില്‍ താമസിക്കുകയും ഷെയര്‍ മാര്‍ക്കറ്റുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയുമാണ് ഇയാളുടെ രീതി.വണ്ടൂര്‍ സ്റ്റേഷനിലെ എസ്‌ഐ വിഷ്ണു, എഎസ്‌ഐ മധു കുര്യാ ക്കോസ്, പ്രത്യേക സംഘത്തിലെ കെ ടി ആഷിഫ് അലി, പി സാ ബിര്‍ അലി, പി സജീഷ്, സി കെ സജേഷ്, എം കൃഷ്ണദാസ് എന്നിവ രടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


