കോഴിക്കോട്: പൊലീസിനെ 24 വര്‍ഷം വട്ടംകറക്കിയ പിടികിട്ടാപ്പുള്ളി ഒടുവില്‍ അറസ്റ്റില്‍. അടിപിടിക്കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയാണ് 24 വര്‍ഷത്തിനുശേഷം പൊലീസിന്റെ പിടിയിലായത്. താമരശേരി തെല്ലത്തിന്‍കര പാട്ടത്തില്‍ ഹരി എന്ന ഹരിപ്രസാദി(49)നെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

1995ല്‍ താമരശേരി സ്വദേശിയായ അസൈനാര്‍ എന്നയാളുമായി നടന്ന അടിപിടിക്കേസില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാളാണ് ഹരിപ്രസാദ്. ഒളിവില്‍ പോയ ഹരിപ്രസാദിനെ താമരശേരി കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. താമരശേരി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നന്മണ്ട സൂപ്പിമുക്കിനടുത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എസ്ഐ സാബു, എഎസ്ഐമാരായ വി കെ സുരേഷ്, രാധാകൃഷ്ണന്‍, എസ് സിപിഒ ശ്രീജിത്ത്, വനിതാ പൊലീസ് ഷീബ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി  14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.