കൊളത്തൂർ: മലപ്പുറം കൊളത്തൂരില്‍ രാവിലെ സ്കൂലിലെത്തിയ കുട്ടികളെ കടന്നലുകള്‍ ആക്രമിച്ചു.  ഇന്ന് രാവിലെ ഒൻപതേകാലോടെ പാങ്ങ് വെസ്റ്റ് എ എൽ പി സ്‌കൂളിലാണ് സംഭവം. കുട്ടികൾ സ്‌കൂൾ ബസിൽ നിന്നിറങ്ങി ക്ലാസുകളിലേക്ക് നടന്നു പോകുമ്പോൾ സമീപത്തെ പറമ്പിൽ നിന്ന് പറന്നെത്തിയ കടന്നൽക്കൂട്ടം കുത്തുകയായിരുന്നു. 

കടന്നലുകളുടെ ആക്രമണത്തില്‍ 51 കുട്ടികൾക്ക് കുത്തേറ്റു. സാരമായി പരുക്കേറ്റ 13  പേരെ മലപ്പുറം കോട്ടപ്പടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പറമ്പിൽ ജോലി നടക്കുന്നതിനിടെ കൂട് ഇളകിയതാണ് കടന്നൽ കൂട്ടമായി എത്താൻ കാരണമെന്ന് കരുതുന്നു. കുത്തേറ്റ കുട്ടികളെ നാട്ടുകാരുടെ സഹായത്തോടെ അധ്യാപകർ ഉടനെ ചേണ്ടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. 

കൂടുതൽ പരിക്കേറ്റ 13 കുട്ടികളെയാണ് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയത്. കുട്ടികളുടെ തലയിലും ദേഹത്തുമായി പല ഭാഗത്തും കുത്തേറ്റിട്ടുണ്ട്. ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളാണ് കടന്നലുകളുടെ ആക്രമണത്തിനിരയായത്. ചില കുട്ടികൾക്ക് ഛർദിയും ശരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. സ്‌കൂൾ ബസിൽ ആദ്യ ട്രിപ്പിൽ എത്തിയതായിരുന്നു ഇവർ.