Asianet News MalayalamAsianet News Malayalam

താമരക്കുളം മാർക്കറ്റ് ജംഗ്ഷന്‍ കടന്നൽ ഭീഷണിയിൽ; അഞ്ച് പേർക്ക് കടന്നൽ കുത്തേറ്റു

 കൂട്ടത്തോടെ പറന്നെത്തിയ കടന്നലുകൾ പിഎസ്സി കോച്ചിംഗ് സെന്‍റിറിലേക്ക് സ്കൂട്ടറിൽ വന്ന ഗീതുവിനെ അക്രമിച്ചതോടെ സ്കൂട്ടർ ഉപേക്ഷിച്ച് അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. 

wasps treat in thamarakulam market junction five passengers stabbed
Author
Charummoodu, First Published May 10, 2019, 11:35 PM IST

ചാരുംമൂട്‌:  താമരക്കുളം മാർക്കറ്റ് ജംഗ്ഷനിൽ വച്ച് രണ്ട് സ്ത്രീകളടക്കം അഞ്ച് പേർക്ക് കടന്നൽ കുത്തേറ്റു. പ്രദേശം കടന്നൽ ഭീഷണിയിലാണ്. താമരക്കുളം ഉണ്ടാന്‍റയ്യത്ത് അബൂൽ റഹീം, നരീഞ്ചുവിളയിൽ നിസാർ, ശൂരനാട് പുലിക്കുളം സ്വദേശി ഗീതു, താമരക്കളം മാവേലി സ്റ്റോർ ജീവനക്കാരായ ഉസ്മാൻ, റൂബി എന്നിവർക്കാണ് കടന്നൽ കുത്തേറ്റത്. ഇവർ ചുനക്കര സിഎച്ച്സിയിലും, സ്വകാര്യാശുപത്രികളിലും ചകിത്സ തേടി.

വെള്ളിയാഴ്ച (10.5.19) രാവിലെ 10.30 നോടെയായിരുന്നു സംഭവം. മാർക്കറ്റ് ജംഗ്ഷനിൽ മാവേലി സ്റ്റോറിന് സമീപം സ്വകാര്യ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കടന്നലുകൾ കൂട് കൂട്ടിയിരുന്നത്. കൂട്ടത്തോടെ പറന്നെത്തിയ കടന്നലുകൾ പിഎസ്സി കോച്ചിംഗ് സെന്‍റിറിലേക്ക് സ്കൂട്ടറിൽ വന്ന ഗീതുവിനെ അക്രമിച്ചതോടെ സ്കൂട്ടർ ഉപേക്ഷിച്ച് അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. 

സമീപത്ത് ബേക്കറി നടത്തുന്ന നിസാറിന് ബേക്കറിക്കുള്ളിൽ വച്ചാണ് കടന്നൽ കുത്തേറ്റത്. ഗീതുവിനെ സഹായിക്കാൻ ശ്രമിക്കുമ്പോളാണ് റൂബിയെയും, ഉസ്മാനെയും കടന്നൽ അക്രമിച്ചത്. കടന്നലുകൾ കൂട്ടത്തോടെ റോഡിലേക്ക് പറന്നിറങ്ങിയതോടെ ഇതുവഴി വന്ന യാത്രക്കാരടക്കമുള്ളവർ മാവേലിസ്റ്റോറിലും അടുത്ത വീടുകളിലും, കടകളിലുമൊക്കെ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കടന്നൽകൂട്‌ നശിപ്പിക്കാൻ കഴിഞ്ഞ ദിവസം രാത്രി ശ്രമം നടത്തിയിരുന്നെങ്കിലും വിജയിച്ചില്ല. 

താമരക്കളം പച്ചക്കാട് വാട്ടർ ടാങ്കിലും മലരി മേൽ ജംഗ്ഷനിലുള്ള സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും കടന്നലുകൾ കൂടുകൂട്ടിയിട്ടുണ്ട്. ഇവിടങ്ങളിലും പരിസരവാസികൾ കടന്നൽ ഭീഷണിയിലാണ്. അഗ്നിശമന സേനാ യൂണിറ്റിലും, വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചെങ്കിലും കൂടുകൾ നീക്കം ചെയ്യാൻ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios