മാലിന്യം ക്യാമ്പസിൽ തള്ളിയതിന് പിന്നില്‍ എസ് എഫ് ഐ ആണെന്നാണ് കെ എസ്‍ യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വിക്ടോറിയ കോളജില്‍ ശനി, ഞായർ ദിവസളിലായിരുന്നു കെ എസ്‍ യുവിന്‍റെ പഠന ക്യാമ്പ് നടന്നത്.

പാലക്കാട്: പാലക്കാട് വിക്ടോറിയ കോളജിൽ നടന്ന കെ എസ്‍ യു ജില്ലാ പഠന ക്യാമ്പിന് ശേഷം ക്യാമ്പസിൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞെന്ന പരാതിയുമായി എസ് എഫ് ഐ. എന്നാൽ, ഇവ ക്യാമ്പസിൽ തള്ളിയതിന് പിന്നില്‍ എസ് എഫ് ഐ ആണെന്നാണ് കെ എസ്‍ യു പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. വിക്ടോറിയ കോളജില്‍ ശനി, ഞായർ ദിവസളിലായിരുന്നു കെ എസ്‍ യുവിന്‍റെ പഠന ക്യാമ്പ് നടന്നത്.

ഇതിന് ശേഷമാണ് ക്യാമ്പസില്‍ മദ്യക്കുപ്പികളും മാലിന്യവും കുമിഞ്ഞു കൂടിയതെന്നാണ് എസ് എഫ് ഐ പരാതി ഉന്നയിക്കുന്നത്. വിക്ടോറിയ കോളജിലെ മലയാളം ഡിപ്പാര്‍ട്ട്മെന്‍റിനോട് ചേര്‍ന്നാണ് മാലിന്യങ്ങള്‍ കണ്ടെത്തിയത്. മലയാളം ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് കയറാന്‍ സാധിക്കാത്ത തരത്തില്‍ ദുര്‍ഗന്ധം ആയിരുന്നുവെന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ രാവിലെ ശുചീകരണ പ്രവർത്തകർ ആണ് മാലിന്യം നീക്കി ക്യാമ്പസ് വൃത്തിയാക്കിയത്.

ജില്ലാ പഠന ക്യാമ്പ് കഴിഞ്ഞ ക്യാമ്പസ് വൃത്തിയാക്കാതെയാണ് കെ എസ്‍ യു പ്രവര്‍ത്തകര്‍ പോയതെന്നാണ് എസ് എഫ് ഐയുടെ പരാതി. ഈ വിഷയം ചോദിക്കാന്‍ ചെന്നപ്പോള്‍ കെ എസ്‍ യു പ്രവര്‍ത്തകര്‍ തട്ടിക്കേറിയെന്നും ആരോപണമുണ്ട്. എന്നാല്‍, ക്യാമ്പ് കഴിഞ്ഞ് പോയപ്പോള്‍ പരിസരത്തെ മാലിന്യമെല്ലാം നീക്കിയെന്നും ക്യാമ്പസ് വൃത്തിയാക്കിയെന്നുമാണ് കെ എസ്‍ യു നല്‍കുന്ന വിശദീകരണം.

പഠന ക്യാമ്പ് കഴിഞ്ഞ് മദ്യക്കുപ്പികളും സിഗരറ്റ് കുറ്റികളും അഴുകിയ ഭക്ഷണവും വലിച്ചെറിഞ്ഞ അവസ്ഥയിലായിരുന്നുവെന്ന് ചിത്രങ്ങള്‍ സഹിതം എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇത് പഠന ക്യാമ്പോ അതോ കള്ള് സേവയോ എന്നാണ് എസ് എഫ് ഐ ചോദിക്കുന്നത്. എന്തായാലും ഇരു കൂട്ടരും പരാതിയുമായി വിക്ടോറിയ കോളജ് അധികൃതരുടെ മുന്നിലെത്തിയിട്ടുണ്ട്. ക്യാമ്പിലെ മാലിന്യത്തെ ചൊല്ലി ക്യാമ്പസിന്‍റെ സമാധാന അന്തരീക്ഷം മലിനമാകാതിരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.