പൊലീസ് വാഹനം മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും ഇത് വഴി കടന്നു പോകുന്നുണ്ട്. എന്നിട്ടും മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണ്.
ആലപ്പുഴ: ആലപ്പുഴയിൽ മണ്ണഞ്ചേരി ഭാഗത്ത് അനധികൃത മാലിന്യ നിക്ഷേപത്തിൽ സഹികെട്ട് ജനങ്ങൾ. മണ്ണഞ്ചേരി - കലവൂർ റോഡിൽ മണ്ണഞ്ചേരി ജംഗ്ഷന് പടിഞ്ഞാറ് പറത്തറ പാലത്തിന് സമീപമാണ് ഇരുളിന്റെ മറവിൽ അറവുശാലകളിലെ മാലിന്യങ്ങളും, ഹോട്ടലുകളിലേയും വീടുകളിലെയും ആഹാര അവശിഷ്ടങ്ങളും ചാക്കിൽ കെട്ടുകളാക്കി വാഹനങ്ങളിൽ കൊണ്ട് വന്ന് നിക്ഷേപിക്കുന്നത്.
മാലിന്യ നിക്ഷേപകരെ കയ്യോടെ പിടികൂടാൻ പ്രദേശവാസികൾ കാത്തിരിക്കുന്നുണ്ടെങ്കിലും വാഹനത്തിൽ വേഗത്തിൽ വന്ന് നിക്ഷേപിച്ച് പോകുന്നതിനാൽ പിടിക്കാനായിട്ടില്ല. രാത്രിയിൽ ആയതിനാൽ ആളെ തിരിച്ചറിയാനും ആകുന്നില്ല. അസഹനീയമായ ദുർഗന്ധവും, തെരുവ് നായ്ക്കളുടെ ശല്യവും അതിരൂക്ഷമാണ്. മഴക്കാലമായതിനാൽ മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞത് മൂലം ദുർഗന്ധം അതിരൂക്ഷമാണ്.
മണ്ണഞ്ചേരിയുടെ ഭരണസിരാ കേന്ദ്രങ്ങളുടെ മൂക്കിന് താഴെയായിട്ട് പോലും അധികാരികൾക്ക് മാലിന്യ നിക്ഷേപം തടയുവാൻ സാധിക്കുന്നില്ല എന്നും പ്രദേശവാസികൾക്ക് പരാതിയുണ്ട്. പൊലീസ് വാഹനം മണിക്കൂറിൽ ഒരു പ്രാവശ്യമെങ്കിലും ഇത് വഴി കടന്നു പോകുന്നുണ്ട്. എന്നിട്ടും മാലിന്യ നിക്ഷേപം നിർബാധം തുടരുകയാണ്. അധികൃതർ എത്രയും വേഗം മേൽനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
