മാന്നാറിലെ പമ്പാ നദിയുടെ തോട്ടുമുഖപ്പ് കടവിൽ ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിമാലിന്യങ്ങളും തള്ളുന്നത് രൂക്ഷമായിരിക്കുന്നു. ഇത് പ്രദേശവാസികൾക്കും സമീപത്തെ കോളേജ് വിദ്യാർത്ഥിനികൾക്കും ദുർഗന്ധവും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു
മാന്നാർ: കുളിക്കുന്നതിനും തുണി അലക്കുന്നതിനുമായി സ്ത്രീകളടക്കം നിരവധിയാളുകൾ ദിനംപ്രതി ആശ്രയിക്കുന്ന പമ്പാ നദിയിലെ തോട്ടുമുഖപ്പ് കടവിൽ മാലിന്യനിക്ഷേപം രൂക്ഷമാകുന്നു. മാന്നാർ പഞ്ചായത്ത് അഞ്ചാം വാർഡിൽ ടൗണിനോട് ചേർന്ന് കിടക്കുന്ന പ്രധാന കുളിക്കടവിലാണിത്. പ്ലാസ്റ്റിക് കവറുകളിൽ നിറച്ച ഭക്ഷണാവശിഷ്ടങ്ങളും ഇറച്ചിമാലിന്യങ്ങളുമാണ് കുളിക്കടവിലും പമ്പാ നദിയുടെ കൈവരിയായ തോട്ടുമുഖപ്പ് തോട്ടിലും കൂടുതലായി വലിച്ചെറിയുന്നത്. ഇതുമൂലം പ്രദേശത്ത് രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്.
തൊട്ടടുത്തുള്ള നഫീസത്തുൽ മിസ്‌രിയ ഇസ്ലാമിക് ആൻഡ് ആർട്സ് കോളജിലെ വിദ്യാര്‍ത്ഥിനികൾക്കും പ്രദേശവാസികൾക്കും മാലിന്യനിക്ഷേപവും ദുർഗന്ധവും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പഞ്ചായത്ത് മുൻകൈയെടുത്ത് ഇവിടെ കാമറകൾ സ്ഥാപിച്ച് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ടൗണിനോട് ചേർന്ന് കിടക്കുന്ന വിശാലമായ തോട്ടുമുഖപ്പ് കടവിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് സൗന്ദര്യവൽക്കരണം നടത്തിയാൽ നാട്ടുകാർക്ക് മികച്ചൊരു വിശ്രമകേന്ദ്രമാക്കി മാറ്റാൻ കഴിയും. ഇരിപ്പിടങ്ങളും ലൈറ്റുകളും സ്ഥാപിച്ച് ഇവിടം മനോഹരമാക്കിയാൽ മാലിന്യനിക്ഷേപത്തിന് ഒരു പരിധിവരെ തടയിടാനാകും. കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പമ്പാ തോട്ടുമുഖപ്പ്-കോയിക്കൽ ഭാഗം തോട് നവീകരണം കൂടി യാഥാർഥ്യമായാൽ മാന്നാർ ടൗണിലെ പ്രധാന വിശ്രമകേന്ദ്രമായി ഈ കടവ് മാറും.
