ബിജെപി അധികാരത്തിലെത്തി ആറ് മാസം കഴിഞ്ഞിട്ടും തിരുവനന്തപുരം നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ശാശ്വത പരിഹാരമായിട്ടില്ല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞുള്ള ടൺ കണക്കിന് മാലിന്യം പോലും നീക്കം ചെയ്യാൻ കോർപ്പറേഷന് സാധിച്ചിട്ടില്ല. ശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിന് കൃത്യമായ പദ്ധതികളില്ലാത്തത് നഗരത്തെ ദുരിതത്തിലാഴ്ത്തുന്നു.
തിരുവനന്തപുരം: മാലിന്യ സംസ്കരണത്തിന് ശാസ്ത്രീയ സംവിധാനം വാഗ്ദാനം ചെയ്ത് ബിജെപി അധികാരത്തിലെത്തി ആറ് മാസത്തിന് ശേഷവും തലസ്ഥാന നഗരം ചീഞ്ഞു നാറി തന്നെ. ആറ്റുകാൽ പൊങ്കാല നഗരത്തിൽ അവേശേഷിപ്പിച്ച ടൺ കണക്കിന് മാലിന്യം മണ്ണിട്ട് മൂടാൻ പോലും കോർപറേഷൻ ഭരണ സമിതിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. ശാസ്ത്രീയ മാലിന്യ സംസ്കരണം പോയിട്ട് ബദൽ സംവിധാനത്തിൽ ചർച്ചയെങ്കിലും തുടങ്ങിയോ എന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്. കേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനത്തെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ടെന്നാണ് മേയർ വിവി രാജേഷിന്‍റെ വിശദീകരണം.
ബൈപ്പാസിനോട് ചേർന്ന് ഈഞ്ചക്കലിൽ കാടു പിടിച്ച് കിടക്കുന്ന കെഎസ്ആർടിസിയുടെ സ്ഥലത്താണ് കോർപറേഷൻ മാലിന്യം തള്ളിയത്. പൊങ്കാല കഴിഞ്ഞ് നഗരം തൂത്തുവാരി ട്രക്കിൽ കയറ്റിവിട്ട മാലിന്യം ഇവിടെ കൊണ്ടുവന്ന് തള്ളുകയായിരുന്നു. അപകടം മണത്ത നാട്ടുകാർ എതിർത്തതിനാൽ രാത്രിക്ക് രാത്രി മാറ്റുമെന്നായിരുന്നു വാക്ക്. അത് കഴിഞ്ഞിട്ടിപ്പോൾ നാല് മാസമായി. നഗരം നാറുമ്പോഴൊക്കെ ഇപ്പോഴും ട്രക്കുകളിൽ ഇവിടേക്ക് വന്നുകൊണ്ടിരിക്കുന്നത് തുടരുകയാണ്. മാലിന്യ സംസ്കരണത്തിന് അടക്കം മാസറ്റർ പ്ലാൻ ഉണ്ടാക്കുമെന്ന് പറഞ്ഞവരാണ് ബിജെപിക്കാർ. എന്നാൽ അധികാരത്തിലേറി ആറ് മാസം പിന്നിട്ടിട്ടും കൃത്യമായ ആസൂത്രണമോ നടപടികളോ ഇല്ലെന്നതാണ് വാസ്തവം.
