തൃശ്ശൂർ: ഭക്ഷ്യ അവശിഷ്ടങ്ങൾ വളമാക്കാൻ ഒരുങ്ങി തൃശ്ശൂർ മെഡിക്കൽ കോളേജ്. ഐആർടിസിയുമായി സഹകരിച്ചുള്ള പ്ലാന്റിന്റെ പ്രവർത്തനം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങി. പൂർണ സജ്ജമായാൽ ഒരു ടൺ ജൈവ വളം പ്രതിദിനം ഉത്പാദിപ്പിക്കാൻ കഴിയും.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗികൾ, കൂട്ടിരുപ്പുകാർ, സന്ദർശകർ എന്നിവർ ഉപേക്ഷിക്കുന്ന ഭക്ഷ്യ മാലിന്യങ്ങൾ പ്രതിദിനം ഒരു ടണ്ണിൽ അധികം വരുമെന്നാണ് കണക്കുകൾ. ഇവ ഫലപ്രദമായി ഉപയോഗിക്കാനാണ് 50 ലക്ഷം രൂപ മുതൽ മുടക്കിൽ വിൻഡ്രോ കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചത്. ഭക്ഷ്യ മാലിന്യങ്ങൾ ചകിരിച്ചോർ ഇനോക്വിലത്തിൽ കലർത്തി യന്ത്രങ്ങളുടെ സഹായത്തിൽ ആണ് വളം നിർമ്മിക്കുന്നത്.

രണ്ട് ടൺ വളം നിർമിക്കാനുള്ള സൗകര്യം ഇപ്പോൾ ഉണ്ട്. കൂടുതൽ ആശുപത്രികളെ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്. കുടുംബശ്രീ പ്രവർത്തകർ ആണ് ഇപ്പോൾ യൂണിറ്റ് നിയന്ത്രിക്കുന്നത്. നിർമിക്കുന്ന ജൈവ വളം കൃഷി ഭവൻ വഴി കർഷകർക്ക് എത്തിക്കാനാണ് പദ്ധതി.