നാളെ രാവിലെയോടെ എല്ലാ വാര്‍ഡുകളിലും വെള്ളമെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം നിര്‍ത്തിവെച്ചത് സംബന്ധിച്ച പരാതികളിൽ വിശദീകരണവുമായി മന്ത്രി വി ശിവൻ കുട്ടി. തലസ്ഥാനത്തെ കുടിവെള്ള പ്രശ്നത്തില്‍ അടിയന്തര നടപടിയുണ്ടാകുമെന്നും നാളെ രാവിലെയോടെ എല്ലാ വാര്‍ഡുകളിലും വെള്ളമെത്തുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. റെയില്‍പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി പ്രധാന പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുകയാണ്.

44 വാർഡുകളിൽ കുടിവെള്ള വിതരണം തടസപ്പെട്ടിട്ടുണ്ട്. പരാതികള്‍ അറിയിക്കാൻ വാട്ടര്‍ അതോറിറ്റി കണ്‍ട്രോള്‍ റൂം തുറക്കും. വെള്ളയമ്പലം, തൈക്കാട് തുടങ്ങിയ സ്ഥലങ്ങളിലും കഴക്കൂട്ടത്തും സൗജന്യമായി ടാങ്കറിൽ വെള്ളമെത്തിക്കും. ടാങ്കര്‍ ലോറികളിൽ നിലവില്‍ പലയിടത്തും വെള്ളമെത്തിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നഗരത്തിലെ പലയിടത്തും കുടിവെള്ള വിതരണം മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കിയിരുന്നു. ഇന്നലെ സെക്രട്ടേറിയറ്റിലും ജലവിതരണം മുടങ്ങിയിരുന്നു. 
നഗരസഭയുടെ നേതൃത്ത്തില്‍ ടാങ്കറിൽ വെള്ളമെത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും കിട്ടുന്നില്ലെന്നാണ് പരാതി.തിരുവനന്തപുരം- നാഗർകോവിൽ റെയിൽപ്പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് നേമം, ഐരാണിമുട്ടം ഭാഗത്ത് നിന്നുള്ള ട്രാൻസ്‌മിഷൻ പൈപ്പ് ലൈൻ അലൈൻമെന്‍റ് മാറ്റുന്ന പണികൾക്കായാണ് നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം നിര്‍ത്തിവെച്ചത്. 

ഇനി രാഷ്ട്രീയ ഗോദയിലേക്ക്; ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പൂനിയയും കോണ്‍ഗ്രസിൽ

Asianet News Live | Malayalam News Live | PV Anvar | Hema Committee | ഏഷ്യാനെറ്റ് ന്യൂസ്