. വെറും ഇരുന്നൂറ് മീറ്റര്‍ ദൂരത്തില്‍ ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് ഉണ്ടെങ്കിലും മലമുകളിലെ വീട്ടുകളിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള വഴി പോലും ഇല്ലാത്തതിനാല്‍ ഇരട്ടി ദുരിതത്തിലാണ് ഇവിടുത്തെ കുടുംബങ്ങള്‍.  

തിരുവനന്തപുരം: 2023 ലും കുടിക്കാനും മറ്റ് നിത്യോപയോഗത്തിനുമുള്ള വെള്ളത്തിനായി മഴയെ കാത്തിരിക്കുന്ന ജനതയുണ്ടെന്ന് പറഞ്ഞതാല്‍ അതിശയത്തോടെ മൂക്കത്ത് വിരല്‍ വയ്ക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍, തലസ്ഥാനമായ തിരുവനന്തപുരം ജില്ലയുടെയും കൊല്ലം ജില്ലയുടെയും അതിര്‍ത്തിയിലുള്ള നഗരൂര്‍ പഞ്ചായത്തില്‍ അത്തരത്തില്‍ മൂന്നൂറോളം കുടുംബങ്ങളുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. ആ മുന്നൂറോളം കുടുംബങ്ങളും വെള്ളത്തിനായി വേഴാമ്പലിനെപ്പോലെ മഴ കാത്ത് കഴിയുകയാണ്. 'വികസനം' എന്ന വാക്ക് പോയിട്ട് 'മാനുഷിക പരിഗണന' എന്ന വാക്കുകളാല്‍ പോലും മാറ്റിനിര്‍ത്തപ്പെട്ടവരാണ് ആ ജനത. 

തിരുവനന്തപുരം നഗരൂർ പഞ്ചായത്തിലെ മുന്നൂറോളം പട്ടിക ജാതി കുടുംബങ്ങളാണ് വെള്ളം കിട്ടാൻ വീടിനോട് ചേർന്ന് പ്ലാസ്റ്റിക് ഷീറ്റ് കെട്ടി മഴയ്ക്കായി കാത്തിരിക്കുന്നത്. മഴ പെയ്ത് പ്ലാസ്റ്റിക്ക് ഷീറ്റിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളം ഇവര്‍ സംഭരിച്ച് വെയ്ക്കുന്നു. അതുപയോഗിച്ചാണ് പിന്നീട് നിത്യചെലവിനുള്ള വെള്ളം കണ്ടെത്തുന്നത്. വെറും ഇരുന്നൂറ് മീറ്റര്‍ ദൂരത്തില്‍ ജല അതോറിറ്റിയുടെ വാട്ടര്‍ ടാങ്ക് ഉണ്ടെങ്കിലും മലമുകളിലെ വീട്ടുകളിലേക്ക് വെള്ളം കൊണ്ടുപോകാനുള്ള വഴി പോലും ഇല്ലാത്തതിനാല്‍ ഇരട്ടി ദുരിതത്തിലാണ് ഇവിടുത്തെ കുടുംബങ്ങള്‍. 

തലമുറകളായി ദുരിതം അനുഭവിക്കുകയാണ്, നഗരൂർ പഞ്ചായത്തിലെ പത്താം വാർഡിലെ നിസ്സഹായരായ ഈ കൂടുംബാംഗങ്ങള്‍. ഒടുവില്‍ നിരന്തരമായി അപേക്ഷകളും പരാതികളുമായപ്പോള്‍ മലമുകളിലെ ദുരിതത്തിന് താത്കാലിക പരിഹാരമായി 2017 ൽ താഴ്വാരത്ത് വാട്ടർ ടാങ്കും പൈപ്പുകളും സ്ഥാപിച്ചു. അവിടെ നിന്ന് തലച്ചുമടായി കുന്നിന്‍ മുകളിലേക്ക് വെള്ളം ചുമന്ന് തളര്‍ന്ന ചുമലുകളാണ് ഇവരുടേത്. നഗരങ്ങളില്‍ വികസനത്തിനായി മുറവിളികളുയരുമ്പോള്‍ പാവപ്പെട്ട ഈ കുടുംബങ്ങളെ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുന്നു. അവര്‍ക്കായുള്ള പദ്ധതികള്‍ അട്ടിമറിക്കപ്പെടുന്നു. ഒരു ജനത വീണ്ടും മഴയ്ക്കായി കാത്തിരിപ്പ് തുടരുന്നു. 

13 ആം വാർഡിലും ഇത് തന്നെയാണ് സ്ഥിതി. 82 കോടി രൂപയുടെ കിഫ്ബി ഫണ്ട് വഴി മലമുകളിൽ 15 ലക്ഷം ലിറ്ററിന്‍റെ വാട്ടർ ടാങ്ക് പണിത് പ്രശ്നം പരിഹരിക്കാൻ ആയിരവല്ലി ക്ഷേത്രത്തിന് സമീപം 25 സെന്‍റ് റവന്യൂ ഭൂമി വാട്ടർ അതോറിറ്റിയ്ക്ക് 2017 ൽ കൈമാറി. എന്നാൽ മീറ്ററുകൾ മാത്രം അകലെ പാറ ഖനനം നടക്കുന്നതിനാൽ ഇതിന് ഒരു കിലോമീറ്റർ പരിധിയിൽ വാട്ടര്‍ ടാങ്ക് പണിയാനാകില്ലെന്നാണ് വാട്ടർ അതോറിറ്റിയുടെയും കരാർ കമ്പനിയും പറയുന്നത്. പാറ ഖനനം ഉയരമുള്ള വാട്ടര്‍ ടാങ്കിന്‍റെ സുരക്ഷാ പ്രശ്നങ്ങളുണ്ടാക്കും. പാറപൊട്ടിക്കുമ്പോള്‍ ഭൂമിയില്‍ ഉണ്ടാകുന്ന പ്രകമ്പനങ്ങള്‍ ടാങ്കിന് ബലക്ഷയമുണ്ടാക്കുമെന്നത് തന്നെ കാരണം. ഒരു ജനതയുടെ കുടിവെള്ളപ്രശ്നത്തിനും മേലെ പാറഖനനത്തിന് അധികാരികള്‍ പ്രാധാന്യം കൊടുക്കുമ്പോള്‍ സമീപത്തെ പുളവാത്ത്, കരവാനം പഞ്ചായത്തുകളിലെ ജനങ്ങൾക്കും ഉപകാരപ്രദമായ കുടിവെള്ള പദ്ധതി നടപ്പാക്കാൻ ഇനി കളക്ടറെങ്കിലും ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ് ഒരു ജനത.