ഇടുക്കി: സംസ്ഥാനം മഴക്കെടുതി നേരിടുമ്പോള്‍ മൂന്നാറിലെ ജലാശയങ്ങള്‍ വറ്റിവരളുകയാണ്. ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് നിലച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കഴിഞ്ഞ തവണ പ്രളയമുണ്ടായപ്പോള്‍ നിറഞ്ഞു കവിഞ്ഞ മാട്ടുപ്പെട്ടി, കുണ്ടള ഡാമുകളിലാണ് ഇത്തവണ വെള്ളമില്ലാത്തത്. കനത്ത മഴയില്‍  കേരളത്തിലെ പ്രമുഖ ഡാമുകളെല്ലാം നിറഞ്ഞു കവിഞ്ഞ സാഹചര്യമുള്ളപ്പോഴാണ് മൂന്നാറിലെ ഡാമുകളില്‍ വെള്ളമില്ലാത്ത അവസ്ഥ.

159 അടി വെള്ളമാണ് മാട്ടുപ്പെട്ടി ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. ആകെ സംഭരണ ശേഷിയുടെ മുപ്പതുശതമാനം മാത്രം വെള്ളമാണ് മാട്ടുപ്പെട്ടി ഡാമിലുള്ളത്. കുണ്ടള ഡാമിന്‍റെ സ്ഥിതിയും വിഭിന്നമല്ല. ആകെയുളളതിന്‍റെ ഇരുപതുശതമാനം വെള്ളം മാത്രമാണ് കുണ്ടളയിലുള്ളത്. കഴിഞ്ഞ തവണ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്ത സാഹചര്യത്തിലായിരുന്നു ഡാമുകള്‍ നിറഞ്ഞത്. ഡാം നിറഞ്ഞതോടെ കഴിഞ്ഞ ഓഗസ്റ്റ് 14 ന് രണ്ടു ഡാമുകളും തുറന്നു വിടേണ്ട സാഹചര്യമുണ്ടായി. 

എന്നാല്‍ ഇത്തവണ വേനല്‍മഴ കുറഞ്ഞത് ഡാമുകളില്‍ വെള്ളം കുറയാനിടയാക്കി. കഴിഞ്ഞ വേനലില്‍ രണ്ടു ഡാമുകളും പൂര്‍ണ്ണമായി വറ്റുകയും ബോട്ടിംങ്ങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പശ്ചിമഘട്ട മലനിരകളിലെ കേരള തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന ഡാമുകള്‍ നിറയുന്നത് ശൈത്യകാലത്തിന്‍റെ ആരംഭത്തോടെയാണ്. തമിഴ്‌നാട്ടിലെ മണ്‍സൂണ്‍ കാലമായ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മഴ പെയ്യുന്നതാണ് ഇതിനു കാരണം. ഡാമുകളില്‍ വെള്ളമില്ലാതയതോടെ ഇവിടെ നിന്നുള്ള വൈദ്യുത ഉല്പാപാദനവും നിലച്ചു.