കാസര്‍കോട്:  കാഞ്ഞങ്ങാടിന് സമീപം ചിത്താരിക്കടപ്പുറത്ത് കടലിൽ വാട്ടർസ്പോർട്ട് പ്രതിഭാസം ദൃശ്യമായി. ഇന്ന് രാവിലെയാണ് ചിത്താരിക്കടപ്പുറത്ത് വാട്ടർസ്പോർട്ട് പ്രതിഭാസം ദൃശ്യമായത്. കടലിൽ അന്തരീക്ഷ മർദ്ദത്തിന്‍റെ  ഏറ്റക്കുറച്ചിലിന് അനുസരിച്ച് സാധാരണയായി ഈ പ്രതിഭാസം ദൃശ്യമാകാറുണ്ടെങ്കിലും ചിത്താരി പ്രദേശത്ത് ഇത് ആദ്യമായാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.  ആദ്യം കടലില്‍ രൂപപ്പെട്ട പ്രതിഭാസം പിന്നീട് കരയ്ക്ക് കയറിയെങ്കിലും പിന്നീട് അപ്രത്യക്ഷമായി. 

ഇടിമിന്നല്‍ സാധ്യതയുള്ള സമയങ്ങളില്‍ രണ്ട് മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലവും ഇത്തരം പ്രതിഭാസങ്ങളുണ്ടാകാം. മുൻപ് ഓഖി ചുഴലിക്കാറ്റിന്‍റെ സമയത്ത് തിരുവന്തപുരം കടല്‍ത്തീരത്തും ഇത്തരം പ്രതിഭാസം കണ്ടിരുന്നു. എന്നാൽ പതിവായി കായലിലും കടലിലും കാണുന്ന ഇത്തരം പ്രതിഭാസങ്ങൾക്ക് ചുഴലിക്കാറ്റുമായി യാതൊരു ബന്ധവുമില്ല. മത്സ്യത്തൊഴിലാളികൾക്ക് ചിരപരിചിതമാണ് വാട്ടർസ്‌പൗട്ട് പ്രതിഭാസം.

കേരളത്തില്‍ ഇതുവരെ കണ്ടെത്തിയ വാട്ടര്‍സ്പോര്‍ട്ടുകളൊന്നും അപകടകാരികളായിരുന്നില്ല. എന്നാല്‍ ലോകത്ത് മറ്റ് ചില ഭാഗങ്ങളില്‍ രൂപപ്പെടുത്ത ഇത്തരം വാട്ടര്‍സ്പോര്‍ട്ടുകള്‍ കനത്ത നാശം വിതയ്ക്കാറുണ്ട്. നേരത്തെ കേരളതീരത്ത് കണ്ട ഇത്തരം പ്രതിഭാസങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ലോകാവസാനമെന്ന് പേരിലും മറ്റും വ്യാപകപ്രചാരണം നേടിയിരുന്നു. എന്നാല്‍ ഇത് വളരെ സ്വാഭാവിക പ്രതിഭാസമാണെന്നും അപകടകരമായി ഒന്നുമില്ലെന്നുമാണ് വിദഗ്ദാഭിപ്രായം.