ആലപ്പുഴ: ആലപ്പുഴയിൽ പൊട്ടിയ കുടിവെള്ള പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയായെങ്കിലും ജലവിതരണം പുനസ്ഥാപിക്കാനായില്ല. ട്രയൽ റണ്ണിന് തൊട്ടുമുമ്പുള്ള പരിശോധനയിൽ സമീപത്തെ പൈപ്പിലും വിള്ളൽ കണ്ടെത്തിയതോടെ പമ്പിംഗ് തുടങ്ങുന്നത് രാവിലത്തേക്ക് മാറ്റി. അതേസമയം,  കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ പതിവായി പൊട്ടുന്ന ഒന്നരകിലോമീറ്ററിലെ പൈപ്പ് പൂർണ്ണമായി മാറ്റിയിടാൻ മന്ത്രിതല യോഗത്തിൽ തീരുമാനമായി.

പൊട്ടിയ പൈപ്പിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കി രാത്രിയോടെ പമ്പിംഗ് തുടങ്ങാമെന്നായിരുന്നു ജലഅതോറിറ്റിയുടെ കണക്കുകൂട്ടൽ. എന്നാൽ ട്രയൽ റണ്ണിന് തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള പരിശോധനയിൽ സമീപത്തെ പൈപ്പിലും ചെറിയ വിള്ളൽ കണ്ടെത്തി. ഇതോടെ വിശദമായ പരിശോധനയ്ക്ക് ശേഷം രാവിലെ പമ്പിംഗ് തുടങ്ങിയാൽ മതിയെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ തീരുമാനിച്ചു. 12 ദിവസമായി കുടിവെള്ളം കിട്ടാതെയുള്ള ആലപ്പുഴക്കാരുടെ ദുരിതം നാളെയും തുടർന്നേക്കും. അതേസമയം, പൈപ്പ് പൊട്ടലിനു ശാശ്വത പരിഹാരമായി തകഴി ലെവൽക്രോസ് മുതൽ കേളമംഗലം വരെയുള്ള ഒന്നരകിലോമീറ്ററിലെ പൈപ്പ് പൂർണ്ണമായി മാറ്റി സ്ഥാപിക്കാൻ മന്ത്രിതലയോഗത്തിൽ തീരുമാനമായി. നിലവിലെ അലൈൻമെന്‍റിൽ, റോഡിന് പരമാവധി തകരാർ സംഭിവിക്കാത്ത രീതിയിൽ പൈപ്പ് മാറ്റി സ്ഥാപിക്കും. ഇതിനുള്ള ചെലവ് കരാറുകാരന്‍റെ പക്കൽ നിന്ന് ഈടാക്കും.

മൂന്ന് മാസത്തിനുള്ളിൽ പൈപ്പ് മാറ്റിയിടൽ പൂ‍ർത്തിയാക്കും. നിലവിലെ ഹൈ ഡെൻസിറ്റി പോളി എത്തലീൻ പൈപ്പിനു പകരം നിലവാരം കൂടിയ മൈൽഡ് സ്റ്റീൽ  പൈപ്പുകളാണ് മാറ്റിസ്ഥാപിക്കുന്നത്. അതേസമയം, നിലവാരം കുറഞ്ഞ പൈപ്പുകൾ ഉപയോഗിച്ചതാണ് അടിക്കടിയുണ്ടാകുന്ന പൊട്ടലിനു കാരണമെന്നാണ് തകഴിയിൽ സന്ദർശനം നടത്തിയ വകുപ്പതല അന്വേഷണസംഘത്തിന്‍റെ നിഗമനം. പാലാരിവട്ടം പോലെ ആലപ്പുഴ കുടിവെള്ള പദ്ധതിയിലും ക്രമക്കേടുകൾ ഉണ്ടെന്നും വിശദമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി നാളെ മുതൽ സത്യാഗ്രഹം തുടങ്ങും.