തിരുവനന്തപുരം നഗരത്തിലെ ജലവിതരണവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ പൂർത്തിയായി. അരുവിക്കരയിൽ ജലവിതരണം പുനരാരംഭിച്ചു, നാളെ രാവിലെ എട്ടുമണിയോടെ വിതരണം പൂർണ്ണമാകും.

തിരുവനന്തപുരം: ന​ഗരത്തിൽ ജലവിതരണവുമായി ബന്ധപ്പട്ടു നടന്ന അറ്റകുറ്റപ്പണികൾ നിശ്ചിത സമയത്തിനു മുൻപു പൂർത്തീകരിച്ച് വാട്ടർ അതോറിറ്റി അരുവിക്കരയിൽ ജലവിതരണം പുനരാരംഭിച്ചു. നിശ്ചയിച്ച സമയത്തിന് 15 മുൻപ് അരുവിക്കരയിൽ നിന്ന് ശുദ്ധജല പമ്പിങ് പുനരാരംഭിച്ചു. നാളെ രാവിലെ എട്ടു മണിയോടെ ജലവിതരണം പുനരാരംഭിക്കുമെന്നാണ് മുൻകൂട്ടി അറിയിപ്പു നൽകിയിരുന്നത്. 

വാട്ട‍ർ അതോറിറ്റിയുടെ, അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന, ട്രാന്‍സ്മിഷന്‍ മെയിനിലെ പി.ടി.പി വെന്‍ഡിങ്‌ പോയിന്റിനു സമീപമുള്ള കേടായ ബട്ട‍ർഫ്ളൈ വാൽവ് മാറ്റി സ്ളൂയിസ് വാൽവ് ഘടിപ്പിക്കുന്ന പ്രവൃത്തി, പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ്‌ സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി, തിരുവനന്തപുരം - നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട്‌ കരമന ശാസ്ത്രി നഗര്‍ അണ്ട‍ർപാസിന് അടുത്തുള്ള ട്രാന്‍സ്മിഷന്‍ മെയിനിന്‍റെ അലൈൻമെന്റ് മാറ്റിയിടുന്ന പ്രവൃത്തി എന്നിവയാണ് നടന്ന പ്രവൃത്തികൾ. 

പൊതുജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനും ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ നടത്തുന്നത് ഒഴിവാക്കുന്നതിനുമായാണ് മൂന്നിടങ്ങളിലായി നടത്തേണ്ട പ്രവൃത്തികൾ ഒരേ സമയം ക്രമീകരിച്ചത്. മൂന്നിടങ്ങളിലും നടന്നത് ബ്രഹത്തായ അറ്റകുറ്റപ്പണികളായിരുന്നുവെങ്കിലും നിശ്ചയിച്ച സമയത്തിനു വളരെ മുൻപു തന്നെ വെള്ളമെത്തിക്കാൻ കഴിഞ്ഞുവെന്നും വാട്ടര്‍ അതേറിറ്റി അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം